കേംബ്രിഡ്ജിൽ ഭവന നിർമ്മാണത്തിന് അനുമതി ലഭിച്ച ആയിരക്കണക്കിന് വീടുകൾ ഇപ്പോഴും നിർമ്മാണം തുടങ്ങാതെ കിടക്കുകയാണ്. ഉയർന്ന നിർമ്മാണച്ചെലവും, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവുമാണ് ഇതിന് പ്രധാന കാരണം. 2023 മുതൽ 7,684 ഭവന യൂണിറ്റുകൾക്കാണ് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്. എന്നാൽ ഇതിൽ 5,000-ത്തിലധികം യൂണിറ്റുകൾക്ക് ഇതുവരെ നിർമ്മാണം തുടങ്ങാനോ, ആവശ്യമായ പെർമിറ്റുകൾ നേടാനോ കഴിഞ്ഞിട്ടില്ലെന്ന് കേംബ്രിഡ്ജ് പ്ലാനിംഗ് ആൻഡ് ഗ്രോത്ത് ജനറൽ മാനേജർ ഹാർഡി ബ്രോംബെർഗ് അറിയിച്ചു. നിർമ്മാണ സാമഗ്രികളുടെ വില വർധനവ്, പ്രത്യേകിച്ച് ഇടത്തരം, ഉയർന്ന കെട്ടിടങ്ങളുടെ നിർമ്മാണത്തെ കാര്യമായി ബാധിച്ചു. നിർമ്മാണച്ചെലവ് ജനങ്ങൾക്ക് താങ്ങാനാവുന്നതിനേക്കാൾ വളരെ കൂടുതലായതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ബ്രോംബെർഗ് ചൂണ്ടിക്കാട്ടി.
അംഗീകാരം ലഭിച്ച പദ്ധതികൾക്ക് നിർമ്മാണം തുടങ്ങാൻ കാലതാമസം നേരിടുന്നതിന് പ്രധാന കാരണം ഉയർന്ന ഡെവലപ്‌മെന്റ് ഫീസാണ്. ഇത് കുറയ്ക്കാൻ ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകൾ ഇടപെടണം എന്ന് ഡെവലപ്പർമാർ ആവശ്യപ്പെടുന്നു. യു.എസ്. താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും നിർമ്മാണ മേഖലയെ ബാധിക്കുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം എന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതായി വിവേ ഡെവലപ്‌മെന്റ് ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ സ്റ്റീഫൻ ലിറ്റ് പറഞ്ഞു. ഇത്തരം സാമ്പത്തിക വെല്ലുവിളികൾ കാരണം ഡെവലപ്പർമാർക്ക് മുന്നോട്ട് പോകാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിറ്റി കൗൺസിൽ ശ്രമിക്കുന്നുണ്ട്. അംഗീകാരത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ അവർ തീരുമാനിച്ചു. ചില പദ്ധതികൾക്ക് കൗൺസിലിൻ്റെ നേരിട്ടുള്ള അംഗീകാരം ആവശ്യമില്ലാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തിയത് വഴി മാസങ്ങൾ ലാഭിക്കാൻ കഴിഞ്ഞു. അതേസമയം, ദീർഘകാലത്തേക്ക് നിർമ്മാണം തുടങ്ങാത്ത പദ്ധതികൾക്ക് ഭാവിയിൽ സമയപരിധി ഏർപ്പെടുത്താനും സിറ്റി കൗൺസിൽ ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികളുടെ കാലതാമസം നഗരത്തിൻ്റെ മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. 2031-ഓടെ 19,000 യൂണിറ്റുകൾ നിർമ്മിക്കാനുള്ള ലക്ഷ്യം ഇപ്പോഴും പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അംഗീകരിച്ച 7,600-ൽ അധികം യൂണിറ്റുകൾ ഈ ലക്ഷ്യത്തിൻ്റെ 40 ശതമാനം വരും, പക്ഷെ അതിൽ 12 ശതമാനം മാത്രമേ ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളൂ എന്നത് ആശങ്കയുണ്ടാക്കുന്നു.
Permission only; housing construction in Cambridge in crisis



