വിദ്യാഭ്യാസത്തിലൂടെ സ്ഥിരതാമസത്തിനുള്ള അവസരം തേടുന്ന കുടിയേറ്റക്കാർക്ക് യുകെ ക്കാൾ എളുപ്പത്തിൽ സ്ഥിരതാമസ അനുമതി ലഭിക്കാൻ അനുയോജ്യം കാനഡയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ കുടിയേറ്റ നിയമങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും കാനഡയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ സ്ഥിരതാമസത്തിന് അർഹത നേടാനാകും. എന്നാൽ ബ്രിട്ടനിൽ ഇതിനായി കുറഞ്ഞത് അഞ്ച് വർഷം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രമല്ല, ഇത് പത്ത് വർഷമായി വർധിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നുമുണ്ട്.
കാനഡയിലെ പെർമനന്റ് റെസിഡൻസി, ബ്രിട്ടനിലെ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ എന്നിവയാണ് വിദേശികൾക്ക് അനിശ്ചിതകാലത്തേക്ക് അവിടെ താമസിക്കാനും ജോലി ചെയ്യാനും അനുമതി നൽകുന്ന പദവികൾ. കാനഡയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മൂന്ന് വർഷം വരെ കാലാവധിയുള്ള പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് ലഭിക്കുന്നു. എന്നാൽ ബ്രിട്ടനിൽ 2027 ജനുവരി ഒന്നിന് ശേഷം അപേക്ഷിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്ക് പരമാവധി 18 മാസം മാത്രമേ ഗ്രാജുവേറ്റ് വിസ ലഭിക്കുകയുള്ളൂ.
കാനഡയിൽ പി.ജി.ഡബ്ല്യു.പി കാലയളവിലെ തൊഴിൽ പരിചയം നേരിട്ട് സ്ഥിരതാമസത്തിനുള്ള അർഹതയായി കണക്കാക്കപ്പെടുന്നു. എന്നാൽ ബ്രിട്ടനിൽ ഗ്രാജുവേറ്റ് വിസയിലുള്ള കാലയളവ് ഐ.എൽ.ആർ യോഗ്യതയ്ക്കായി പരിഗണിക്കാറില്ല. ബ്രിട്ടനിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഗ്രാജുവേറ്റ് വിസയിൽ നിന്ന് സ്കിൽഡ് വർക്കർ വിസയിലേക്ക് മാറേണ്ടതുണ്ട്. ഇതിന് സർക്കാർ അംഗീകൃത തൊഴിലുടമയുടെ സ്പോൺസർഷിപ്പും നിശ്ചിത ശമ്പള പരിധിയും നിർബന്ധമാണ്.
കാനഡയിൽ പഠനം കഴിഞ്ഞ ഉടൻ സ്കിൽഡ് ജോലിയിൽ (TEER 0-3) ഒരു വർഷത്തെ പ്രവൃത്തിപരിചയം നേടുന്നവർക്ക് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാം. 22-ാം വയസ്സിൽ കാനഡയിൽ മാസ്റ്റേഴ്സ് പഠനത്തിന് എത്തുന്ന ഒരാൾക്ക് ഏകദേശം 25-ാം വയസ്സിൽ പി.ആർ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ബ്രിട്ടനിൽ സമാനമായ രീതിയിൽ എത്തുന്നവർക്ക് നിലവിലെ നിയമപ്രകാരം ഐ.എൽ.ആർ ലഭിക്കാൻ ചുരുങ്ങിയത് 30 വയസ്സെങ്കിലും ആകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനിൽ താമസ ആവശ്യകത പത്ത് വർഷമായി വർധിപ്പിക്കുകയാണെങ്കിൽ ഒരു കുടിയേറ്റക്കാരന് സ്ഥിരതാമസ അനുമതി ലഭിക്കാൻ കാനഡയെ അപേക്ഷിച്ച് പത്ത് വർഷത്തോളം അധികം കാത്തിരിക്കേണ്ടി വരും. യുകെയിലെ സ്കിൽഡ് വർക്കർ വിസ ലഭിക്കാൻ കുറഞ്ഞ ശമ്പള പരിധി 58,200 പൗണ്ട് ആയി നിശ്ചയിച്ചിട്ടുണ്ട്. കാനഡയിൽ ഇത്തരത്തിലുള്ള ഉയർന്ന ശമ്പള നിബന്ധനകളില്ലാതെ തന്നെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കപ്പെടുന്നു.
പഠനത്തിനായി ഏത് രാജ്യം തിരഞ്ഞെടുക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥിരതാമസ പദവി ആഗ്രഹിക്കുന്നവർക്ക് കാനഡയാണ് കൂടുതൽ അനുകൂലമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഓരോ രാജ്യത്തെയും കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷകർ തീരുമാനമെടുക്കാനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
Permanent residence along with studies: Report says Canada is better than Britain



