തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ചിന്ത പോലും ജനങ്ങളില്‍ ഭയമുണ്ടാക്കുന്നതാണെന്നും ഇത്തവണ യുഡിഎഫ് കേരളത്തില്‍ വലിയ വിജയം നേടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഈ ഭരണം അവസാനിപ്പിക്കണമെന്നതാണ് തന്റെ ഒന്നാമത്തെ അഭ്യര്‍ഥന. പരമ്പരാഗതമായി ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്തിരുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇക്കുറി യുഡിഎഫിന് വോട്ട് ചെയ്യാന്‍ പോവുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സച്ചിദാനന്ദനും സാറാ ജോസഫും ഉൾപ്പെടെയുള്ള സാംസ്കാരിക നായകന്മാരുടെ നിലപാടുകൾ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ പാര്‍ട്ടി അംഗങ്ങളോ സഹയാത്രികരോ സാംസ്‌കാരിക നായകന്മാരോ ഇനിയൊരു തുടര്‍ഭരണം ആഗ്രഹിക്കുന്നില്ലെന്ന് ആന്റണി പറഞ്ഞു. അമ്പലപ്പുഴ മുതല്‍ പയ്യന്നൂര്‍ വരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വരെ പാര്‍ട്ടിവിട്ട് പുറത്തുവന്ന് മത്സരിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ന് കേരളത്തില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകളില്ല. നേതാക്കന്മാര്‍ പുതിയ ഭരണവര്‍ഗമായി മാറിയിരിക്കുന്നു. ഇനിയൊരിക്കല്‍ കൂടി തുടര്‍ഭരണം വന്നാല്‍ കേരളം ബംഗാളായി മാറും. അടുത്ത തിരഞ്ഞെടുപ്പിൽ നോമിനേഷന്‍ കൊടുക്കാന്‍ പോലും പാര്‍ട്ടിക്കാർ ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നിട്ട് ആ സ്ഥാനത്ത് ബംഗാളിലെ പോലെ ബിജെപി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി. ഇടതുപക്ഷം കേരളത്തില്‍ നിലനില്‍ക്കണമെങ്കില്‍ പിണറായി ഭരണം അവസാനിക്കണം. അവർ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമേ പാര്‍ട്ടിയില്‍ ഒരു ശുദ്ധീകരണം ഉണ്ടാകൂ. കേരളത്തില്‍ ബിജെപിക്കു ഭാവിയില്ല. എന്നാൽ യുഡിഎഫ് അധികാരത്തിലെത്താതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും. പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഏറ്റവും ഊഷ്മളമായ സ്വീകരണം കിട്ടുന്നത് കേരളത്തിലെ മുഖ്യമന്ത്രിക്കാണ്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഏറ്റവും പ്രിയങ്കരന്‍ കേരള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.
പരാജയഭീതി മൂലമാണ് എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നു പറയാന്‍ എൽഡിഎഫ് ഭയക്കുന്നത്. നേമത്ത് ഉൾപ്പെടെ രാഷ്ട്രീയ കാറ്റ് മാറി വീശുകയാണ്. അതുകൊണ്ടാണ് എസ്ഡിപിഐയുടെ സഹായം പരസ്യമായി സ്വീകരിക്കേണ്ടി വരുന്നത്. എന്നാൽ ഇതെല്ലാം മറികടന്ന് സംസ്ഥാനത്ത് യുഡിഎഫിന് സമ്പൂർണ്ണ വിജയം ഉണ്ടാകുമെന്നും എ.കെ. ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാംസ്കാരിക ലോകത്തിന്റെ പ്രതികരണങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
People are shocked to hear about the third Pinarayi government: A.K. Antony




