പ്രിൻസ് എഡ്വേർഡ് ഐലൻഡ്: വെസ്റ്റ് ഐൽ കോമ്പോസിറ്റ് ഹൈസ്‌കൂളിലെ തിയേറ്ററിനെ രാജ്യാന്തര നിലവാരത്തിലുള്ള കലാവേദിയാക്കി മാറ്റാൻ ബൃഹത്തായ പദ്ധതിയുമായി വെസ്റ്റ് ഐൽ തിയേറ്റർ ഫൗണ്ടേഷൻ. തിയേറ്ററിലെ ശബ്ദ-വെളിച്ച സംവിധാനങ്ങൾ അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനായി 1.5 ലക്ഷം ഡോളർ (ഏകദേശം 1.25 കോടി രൂപ) സമാഹരിക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ 500 സീറ്റുകൾ, ഓർക്കസ്ട്ര പിറ്റ്, കാറ്റ്‌വാക്ക്, ബാൽക്കണി തുടങ്ങിയ സൗകര്യങ്ങളുണ്ടെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രദേശത്തെ പ്രധാന കലാകേന്ദ്രമായി ഇതിനെ മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സമ്മർസൈഡിന് പടിഞ്ഞാറ് ഭാഗത്തുള്ള ഏക സോഫ്റ്റ്-സീറ്റ് തിയേറ്ററാണ് വെസ്റ്റ് ഐൽ. തിയേറ്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെങ്കിലും, നിലവിലുള്ള സൗണ്ട് ബോർഡും ലൈറ്റുകളും മാറ്റേണ്ടത് അത്യാവശ്യമാണെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡാനി ഡ്രൂയിൻ പറഞ്ഞു. ഷാർലറ്റ്‌ടൗണിലും സമ്മർസൈഡിലും നടക്കുന്നതിന് സമാനമായ വലിയ ഷോകൾ ഇവിടെയും സംഘടിപ്പിക്കുകയാണ് ലക്ഷ്യം. മികച്ച നിലവാരത്തിലുള്ള പരിപാടികൾ പ്രാദേശികമായി ലഭ്യമായാൽ കാണികൾ ഒഴുകിയെത്തുമെന്നും, ഇത് വെസ്റ്റേൺ പി.ഇ.ഐയിലെ (P.E.I) കലാസമൂഹത്തിന് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂൾ ആരംഭിച്ചത് മുതൽ പ്രവർത്തനസജ്ജമായ ഈ തിയേറ്ററിന് വലിയൊരു ചരിത്രമുണ്ട്. പ്രദേശവാസികൾക്കൊപ്പം വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന കേന്ദ്രമായി ഇതിനെ മാറ്റാനാണ് ഫൗണ്ടേഷൻ ഒരുങ്ങുന്നത്. നവീകരണത്തിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാപരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. ചെറുകിട ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും നിലവിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, വൻകിട കോർപ്പറേറ്റ് പങ്കാളിത്തം കൂടി ഉറപ്പാക്കി പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.
pei-westisle-composite-high-school-theatre-fundraiser
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



