ഷാർലറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ദ്വീപ് (പി.ഇ.ഐ) നിയമസഭയുടെ ഈ വർഷത്തെ സ്പ്രിംഗ് സമ്മേളനത്തിന് തുടക്കമായി. പുതിയ സ്പീക്കറെ കണ്ടെത്താനായി നടത്തിയ രഹസ്യ വോട്ടെടുപ്പിൽ റസ്റ്റിക്കോ-എമറാൾഡ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ബ്രാഡ് ട്രൈവേഴ്സിനെ സ്പീക്കറായി തിരഞ്ഞെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ ഡോ. വാസിം സലമൂൺ ത്രോൺ സ്പീച് നടത്തി. മാറുന്ന ലോകസാഹചര്യങ്ങളിൽ ദ്വീപിന്റെ സ്ഥാനം, ഫെഡറൽ മുൻഗണനകൾ, പ്രാദേശിക സമൂഹങ്ങളുടെ വികസനം തുടങ്ങിയ വിഷയങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചു.
ദ്വീപ് നേരിടുന്ന ജീവിതച്ചെലവ് വർദ്ധനവ്, ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ എന്നിവയാണ് സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമായത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് റോബർട്ട് മിച്ചൽ വിമർശിച്ചു. എന്നാൽ, വന്ധ്യതാ ചികിത്സയ്ക്കായി കുടുംബങ്ങൾക്ക് 20,000 ഡോളർ ധനസഹായം നൽകാനുള്ള തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ കൂടുതൽ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി റോബ് ലാന്റ്സ് മറുപടി നൽകി.
പ്രവിശ്യയിലെ ആരോഗ്യമേഖലയിലെ കടുത്ത പ്രതിസന്ധിയും സഭയിൽ ഉന്നയിക്കപ്പെട്ടു. നിലവിൽ 33,500-ലധികം ആളുകളാണ് ഡോക്ടറെയോ നഴ്സിനെയോ കാണാൻ കാത്തിരിക്കുന്നത്. ആരോഗ്യസേവനം മെച്ചപ്പെടുത്തുക, വൈദ്യുതി നിരക്ക് നിയന്ത്രിക്കുക, മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ഊന്നിയാകും വരുംദിവസങ്ങളിലെ ചർച്ചകൾ. സംസ്ഥാന ബജറ്റ് ഏപ്രിലിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
PEI Spring Conference kicks off; cost of living and healthcare top topics of discussion




