ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) തുടർച്ചയായ മൂന്നാം വർഷവും Greenhouse gas പുറന്തള്ളൽ കുറച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രവിശ്യാ സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രവിശ്യയിലെ ജനസംഖ്യയിൽ 16.65 ശതമാനം വർധനവുണ്ടായിട്ടും മലിനീകരണ തോത് കുറയ്ക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ 2025-ലെ ദേശീയ ഇൻവെന്ററി റിപ്പോർട്ട് പ്രകാരം, 2023-ൽ പ്രവിശ്യ പുറത്തുവിട്ട ഹരിതഗൃഹ വാതകങ്ങളുടെ അളവ് 1.592 മെഗാ ടണ്ണാണ്. മുൻവർഷത്തെ അപേക്ഷിച്ച് 0.9 ശതമാനത്തിന്റെ കുറവാണിത്. ജനങ്ങളുടെ സഹകരണത്തോടെ മലിനീകരണം കുറയ്ക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പരിസ്ഥിതി മന്ത്രി ആഴ്സണോൾട്ട് വ്യക്തമാക്കി. ഊർജ്ജ സംരക്ഷണ പദ്ധതികളും പരിസ്ഥിതി സൗഹൃദ നയങ്ങളുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
വീടുകളുടെ ഊർജ്ജക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വലിയ വിജയമായിരുന്നു. 2024-25 കാലയളവിൽ ഏകദേശം 13,200 വീടുകളിൽ ഊർജ്ജ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. കൂടാതെ, തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി 700-ലധികം പഠനങ്ങൾ നടത്തുകയും 200 ഹെക്ടറിലധികം സ്ഥലം പ്രകൃതിദത്ത പ്രദേശങ്ങളായി സംരക്ഷിക്കാൻ നടപടിയെടുക്കുകയും ചെയ്തു.
ഗതാഗത മേഖലയിൽ ഗ്രാമീണ ബസ് സർവീസുകൾ വ്യാപിപ്പിച്ചതും 30 പുതിയ യാത്രാ പദ്ധതികൾ പൂർത്തിയാക്കിയതും മലിനീകരണം കുറയ്ക്കാൻ സഹായിച്ചു. എങ്കിലും, ഗതാഗത മേഖലയിൽ നിന്നുള്ള മലിനീകരണം ഇപ്പോഴും വലിയൊരു വെല്ലുവിളിയായി തുടരുകയാണ്. പ്രവിശ്യയിലെ ആകെ മലിനീകരണത്തിന്റെ 45 ശതമാനവും ഗതാഗത സംവിധാനങ്ങളിൽ നിന്നാണ്. ജനസംഖ്യ വർധിച്ചതോടെ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാനഡയിലുടനീളം ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനുകളിൽ 2025-ന്റെ ആദ്യ പകുതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിരുന്ന ചില ആനുകൂല്യങ്ങൾ നിർത്തലാക്കിയതാണ് ഇതിന് കാരണമായി കരുതുന്നത്. എങ്കിലും പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് 4,000 ഡോളർ വരെ സബ്‌സിഡി നൽകുന്നത് തുടരുന്നുണ്ട്. ഇലക്ട്രിക് സ്കൂൾ ബസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും സർക്കാർ പരിഗണനയിലാണ്.
2030-ഓടെ ഹരിതഗൃഹ വാതക പുറന്തള്ളൽ 1.2 മെഗാ ടണ്ണിൽ താഴെയാക്കുകയാണ് പ്രവിശ്യയുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വരും മാസങ്ങളിൽ പുതിയ ‘നെറ്റ്-സീറോ’ കർമ്മപദ്ധതി പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. വരും വർഷങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രവിശ്യാ സർക്കാരിന്റെ തീരുമാനം.
pei-is-growing-its-emissions-are-not
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



