ഇറാനും അമേരിക്കയും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന നിർണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലാണെന്ന് ഇറാൻ ആരോപിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കിടെ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചതാണ് ചർച്ചകളുടെ ഗതി മാറ്റിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി. ഈ ഫോൺ കോളോടെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേൽ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലേക്ക് മാറിയെന്നും സമാധാന ശ്രമങ്ങൾ വഴിമുട്ടിയെന്നും ടെഹ്റാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ചർച്ചാമേശയിൽ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് ഇറാൻ വിമർശിച്ചു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്നും കൈവശമുള്ള യുറേനിയം ശേഖരം കൈമാറണമെന്നുമുള്ള കടുത്ത നിബന്ധനകളാണ് ജെഡി വാൻസ് മുന്നോട്ടുവെച്ചത്. ഇത് അമേരിക്കയുടെ അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണെന്ന് വാൻസ് വ്യക്തമാക്കിയെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ നിലപാടെടുത്തു.
ചർച്ചകൾ പരാജയപ്പെട്ട് ജെഡി വാൻസും സംഘവും മടങ്ങിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ അവസാനിക്കാൻ ഇനി ഒമ്പത് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. ചർച്ചകൾ പരാജയപ്പെട്ടത് ആഗോള എണ്ണവിപണിയെയും പ്രതികൂലമായി ബാധിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ 95 ഡോളറിലേക്ക് താഴ്ന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില, പുതിയ സംഭവവികാസങ്ങളോടെ വീണ്ടും 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേസമയം, ഇറാന്റെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന കടുത്ത നിലപാടുകൾ നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇറാന് എതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയോ മണ്ണോ വിട്ടുനൽകില്ലെന്ന് സ്പെയിനും ഇറ്റലിയും പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെയും നിലപാടുകളോട് പൂർണ്ണമായി സഹകരിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളും തയ്യാറാകാത്തത് വാഷിംഗ്ടണിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Peace talks fail; That phone call to JD Vance! Who derailed the Iran-US talks?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



