ഒർലാൻഡോ: രണ്ട് പതിറ്റാണ്ടിലേറെയായി നിയമപാലകരുടെ കണ്ണുവെട്ടിച്ച് കാനഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ യുഎസ് പിടിയിൽ. 1998-ൽ ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കേസിൽ പ്രതിയായ പാട്രിക് ലട്ട്സ് ജൂനിയറിനെയാണ് (52) ടൊറന്റോയിൽ നിന്ന് ഫ്ലോറിഡയിലേക്ക് നാടുകടത്തിയത്. വ്യാഴാഴ്ച ഒർലാൻഡോ വിമാനത്താവളത്തിലെത്തിച്ച പ്രതിയെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തു. 2003-ൽ കോടതിയിൽ ഹാജരാകാതെ കാനഡയിലേക്ക് കടന്ന ലട്ട്സ്, നീണ്ട 20 വർഷം ടൊറന്റോയിൽ യാതൊരു ഭയവുമില്ലാതെയാണ് ജീവിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ടൊറന്റോയിലെ പ്രാദേശിക ബാറുകളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും, ‘സൈക്കിക്’ (Psychic) എന്ന പേരിൽ ആളുകൾക്ക് പ്രണയ ഉപദേശങ്ങൾ നൽകുന്ന ജ്യോത്സ്യനായും വേഷപ്പകർച്ച നടത്തിയാണ് ലട്ട്സ് പിടിക്കപ്പെടാതെ കഴിഞ്ഞത്. 2023 നവംബറിൽ ഫ്ലോറിഡയിലെ ‘ക്രൈം സ്റ്റോപ്പേഴ്സ്’ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയ വിവരങ്ങളും ഉപയോഗിച്ച് അമേരിക്കയിലുള്ള ഒരു ഇന്റർനെറ്റ് കുറ്റാന്വേഷകൻ നടത്തിയ നീക്കങ്ങളാണ് ലട്ട്സിന്റെ ഒളിത്താവളം കണ്ടെത്താൻ കാരണമായത്. തുടർന്ന് 2025 ഫെബ്രുവരിയിൽ ടൊറന്റോ പോലീസിലെ ഫ്യുജിറ്റീവ് സ്ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
1998 ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഒർലാൻഡോയിൽ വെച്ചുണ്ടായ അപകടത്തിലാണ് നാൻസി ലോപ്പസ് (19), കാമുകൻ ഡാർവിൻ ജാവിയർ (18) എന്നിവർ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിതവേഗതയിൽ ലട്ട്സ് ഓടിച്ച ട്രക്ക് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അനുവദനീയമായ പരിധിയിലും മൂന്നിരട്ടിയിലധികം മദ്യം പ്രതിയുടെ രക്തത്തിൽ കണ്ടെത്തിയിരുന്നു. “കാനഡയിലേക്ക് കടന്നത് വലിയ തെറ്റായിപ്പോയി, ടൊറന്റോയിൽ ഒരേ സ്ഥലത്ത് താമസിച്ചിട്ടും അധികൃതർ തന്നെ പിടിക്കാത്തതിൽ അത്ഭുതം തോന്നിയിട്ടുണ്ട്, ഇപ്പോൾ ഓടി മടുത്തു” എന്ന് അറസ്റ്റിന് ശേഷം ലട്ട്സ് സത്യവാങ്മൂലത്തിൽ പറഞ്ഞു. മാർച്ച് 5-ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്ക് കുറ്റം തെളിയിക്കപ്പെട്ടാൽ 30 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
patrick-lutts-jr-extradition-us-canada-toronto-manslaughter
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



