ടൊറന്റോ :ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാരുടെ ലഗേജ് ടാഗുകൾ ദുരുപയോഗം ചെയ്ത് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച എയർ കാനഡ ജീവനക്കാരിയെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തു. ജർമ്മനിയിലേക്ക് വിമാനത്തിൽ പോകാനെത്തിയ രണ്ട് യാത്രക്കാരുടെ പേരിൽ 66 കിലോഗ്രാം കഞ്ചാവ് കടത്താനായിരുന്നു നീക്കം. സംഭവത്തിൽ മിസിസാഗ സ്വദേശിനിയായ 32 വയസ്സുകാരി അതാഷ വീറ്റ്‌ലിയെയാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജർമ്മനിയിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ച കാനഡ ബോർഡർ സർവീസസ് ഏജൻസി ഓരോ ബാഗിലും 33 കിലോഗ്രാം വീതം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പരസ്പരം അറിയാത്തവരും വെവ്വേറെ യാത്ര ചെയ്യുന്നവരുമായിരുന്നു ഈ യാത്രക്കാർ. തങ്ങളുടേതല്ലാത്ത ബാഗുകളിൽ തങ്ങളുടെ പേരുള്ള ടാഗുകൾ കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിമാനത്താവളത്തിലെ ബാഗേജ് റൂമിൽ ജോലി ചെയ്തിരുന്ന പ്രതി, യാത്രക്കാർ അറിയാതെ അവരുടെ പേരുള്ള ലഗേജ് ടാഗുകൾ കഞ്ചാവ് സൂക്ഷിച്ച സമാനമായ രണ്ട് സ്യൂട്ട്കേസുകളിൽ പതിപ്പിക്കുകയായിരുന്നു. പ്രാഥമികമായി രണ്ട് യാത്രക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണത്തിൽ അവർ നിരപരാധികളാണെന്ന് കണ്ടെത്തുകയും വിട്ടയക്കുകയും ചെയ്തു. തുടർന്ന് നടത്തിയ നീക്കത്തിലാണ് മാർച്ച് 12-ന് എയർ കാനഡ ജീവനക്കാരിയെ പോലീസ് പിടികൂടിയത്.

വിമാനത്താവള സുരക്ഷയെയും സംവിധാനങ്ങളെയും ചൂഷണം ചെയ്ത് അനധികൃതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.സി.എം.പി സുപ്രണ്ട് ഡെയ്‌ൽ ഫൂട്ട് അറിയിച്ചു. ലഹരിമരുന്ന് കൈവശം വെച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യത്തിൽ ഇറങ്ങിയ ഇവർ ഏപ്രിൽ 10-ന് ബ്രാംപ്ടൺ കോടതിയിൽ ഹാജരാകണം. സംഭവത്തിൽ എയർ കാനഡയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Passengers’ luggage tags were used to traffic kilos of cannabis. An Air Canada employee has been charged



