അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളായ കാബൂളിലും കാണ്ഡഹാറിലും ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാൻ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തി. തങ്ങളുടെ ക്ഷമ നശിച്ചെന്നും ഇനി തുറന്ന യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്നും പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് താലിബാൻ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ ആക്രമണം കടുപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ കനത്ത ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. താലിബാന്റെ പ്രത്യാക്രമണത്തിൽ 55 പാക്ക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി നടത്തിയ ആക്രമണത്തിൽ 133 താലിബാൻ പോരാളികളെ വധിച്ചതായി പാക്ക് സേനയും അവകാശപ്പെടുന്നു. കാബൂൾ, കാണ്ഡഹാർ, പക്ടിയ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ബോംബാക്രമണം നടത്തിയത്. ഇതിനിടെ പാക്ക് സൈനിക പോസ്റ്റുകൾ തങ്ങൾ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാനും അവകാശവാദം ഉന്നയിച്ചു.
അതിർത്തിയിലെ ഈ സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ഇറാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. റമസാൻ മാസത്തിൽ ആത്മനിയന്ത്രണം പാലിക്കണമെന്നും ഇസ്ലാമിക ഐക്യം നിലനിർത്തണമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അഭ്യർത്ഥിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ അതിർത്തിയിൽ പുകയുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ പൂർണ്ണമായ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pakistan-Afghanistan live: Islamabad says ‘open war’; jets attack Kabul



