അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം. ജമ്മുവിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. 20 മിനിറ്റോളം പാക്ക് വെടിവെപ്പുണ്ടായി.കെ ജി സെക്ടറിൽ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ സൈന്യം ജാഗ്രതയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യയുടെ കനത്ത തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 27 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ട മലയാളി.
കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സൈനികവേഷത്തിലെത്തിയ ഭീകരർ പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.
Pak violates border ceasefire



