മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വൈകീട്ട് നാലരയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിരിക്കെയാണ് മരണം.
അങ്കമാലി നായത്തോട് സ്വദേശിയായ പി.പി. തങ്കച്ചൻ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1968-ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. 1982 മുതൽ 2001 വരെ പെരുമ്പാവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം എംഎൽഎ ആയിരുന്നു. മാർക്കറ്റ്ഫെഡ് ചെയർമാനായും കെപിസിസി പ്രസിഡൻ്റായും യുഡിഎഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
1991-ൽ കേരള നിയമസഭാ സ്പീക്കറായിരുന്ന കാലത്ത് പ്രതിപക്ഷത്തിൻ്റെ പോലും പ്രശംസ നേടിയെടുത്ത മികച്ച സ്പീക്കർമാരിൽ ഒരാളായിരുന്നു അദ്ദേഹം. എംഎൽഎമാർക്ക് പേഴ്സണൽ അസിസ്റ്റൻ്റിനെ നിയമിക്കാൻ അനുമതി നൽകിയതും സബ്ജക്ട് കമ്മിറ്റികൾക്ക് രൂപം നൽകിയതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്. 1995-ൽ എ.കെ. ആൻ്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നപ്പോൾ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനമെടുത്തു.
കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾക്ക് ഒരുപോലെ സ്വീകാര്യനായ നേതാവായിരുന്നു പി.പി. തങ്കച്ചൻ. കെ. കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നപ്പോഴും പാർട്ടിക്ക് പ്രാധാന്യം നൽകി. അദ്ദേഹത്തിൻ്റെ സമന്വയ ശൈലി യുഡിഎഫ് മുന്നണിയെ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഇടക്കാലത്ത് യാക്കോബായ സഭയുടെ കമാൻഡർ പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ടി.വി. തങ്കമ്മ. മൂന്ന് മക്കളുണ്ട്.
P. P. Thankachan, the former KPCC president, has passed away.



