ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൻ്റെ (PEI) ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രീമിയർ റോബ് ലാൻ്റ്സ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രവിശ്യയിലെ വൈദ്യുതി ഗ്രിഡ് ശക്തമാക്കുന്നതിൻ്റെ ഭാഗമായി വൻകിട ‘ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം’ (BESS) സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ഗ്രേറ്റർ ഷാർലറ്റ്ടൗൺ ഏരിയ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദ്വീപ് നിവാസികൾ നേരിടുന്ന വൈദ്യുതി തടസ്സങ്ങൾക്കും വോൾട്ടേജ് വ്യതിയാനങ്ങൾക്കും ശാശ്വത പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. 10 മുതൽ 50 മെഗാവാട്ട് വരെ വൈദ്യുതി സംഭരിക്കാൻ ശേഷിയുള്ള സംവിധാനത്തിനായാണ് സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. ഒന്നിലധികം കേന്ദ്രങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ സംഭരണികൾക്ക് എട്ട് മണിക്കൂർ വരെ തുടർച്ചയായി ബാക്കപ്പ് പവർ നൽകാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. ഗ്രിഡിൻ്റെ പ്രവർത്തനക്ഷമത ഏറ്റവും വേഗത്തിൽ വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് റോബ് ലാൻ്റ്സ് വ്യക്തമാക്കി.
ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള കടലിനടിയിലെ കേബിൾ ശൃംഖലയുടെ നവീകരണവും സർക്കാർ പരിഗണനയിലുണ്ട്. പ്രവിശ്യയെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന നാല് കേബിളുകളിൽ 50 വർഷത്തിലേറെ പഴക്കമുള്ള രണ്ടെണ്ണം അടിയന്തരമായി മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രീ-ഡെവലപ്മെൻ്റ് പ്രവർത്തനങ്ങൾക്കായി ഫെഡറൽ സർക്കാരിന് അപേക്ഷ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിലെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഭാവിയിലെ വർദ്ധിച്ച ഉപഭോഗം കൂടി കണക്കിലെടുത്താണ് ദീർഘകാലാടിസ്ഥാനത്തിലുള്ള ഈ നടപടികൾ.
ഊർജ്ജ വിതരണ രംഗത്ത് അയൽ പ്രവിശ്യകളായ ന്യൂ ബ്രൺസ്വിക്ക്, നോവ സ്കോഷ്യ എന്നിവയുമായി ചേർന്ന് ഒരു സംയുക്ത സിസ്റ്റം ഓപ്പറേറ്ററെ നിയമിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്ന് ലാൻ്റ്സ് വെളിപ്പെടുത്തി. അടുത്തിടെ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഗവർണർ മൗറ ഹീലിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്വതന്ത്ര ഓപ്പറേറ്റർമാരിൽ നിന്ന് ഏകീകൃത സംവിധാനത്തിലേക്ക് മാറിയതിലൂടെ ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടം മാരിടൈം മേഖലയിലും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏപ്രിൽ 23 ഉച്ചയ്ക്ക് 2 മണി വരെയാണ് താൽപ്പര്യപത്രം സമർപ്പിക്കാനുള്ള സമയം. പദ്ധതിയുടെ മൊത്തം ചിലവ് ഗ്രിഡിന് ആവശ്യമായ ശേഷിയെ അടിസ്ഥാനമാക്കി നിശ്ചയിക്കുമെന്നും വരും വർഷങ്ങളിൽ പ്രവിശ്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഊർജ്ജ സുരക്ഷ അനിവാര്യമാണെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
P.E.I. government puts out expression of interest for a battery energy storage system
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



