റജൈന: കാനഡയിലെ ഇതര പ്രവിശ്യകളെ അപേക്ഷിച്ച് സസ്‌കാച്ചുവാനിൽ ശിശുദാരിദ്ര്യം റെക്കോർഡ് നിരക്കിലെന്ന് റിപ്പോർട്ട്. രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ‘ക്യാമ്പയിൻ 2000’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രവിശ്യയിലെ 27 ശതമാനം കുട്ടികളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ദേശീയ ശരാശരിയായ 18.3 ശതമാനത്തേക്കാൾ ഒൻപത് ശതമാനത്തോളം കൂടുതലാണിത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിൽ ദാരിദ്ര്യ നിരക്ക് ഇതിലും ഭീകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സ് (CCPA) വിശകലനം ചെയ്ത വിവരങ്ങൾ പ്രകാരം 78,050 കുട്ടികളാണ് സസ്‌കാച്ചുവാനിൽ ദാരിദ്ര്യം അനുഭവിക്കുന്നത്. പ്രവിശ്യയുടെ വടക്കൻ മേഖലകളിലാണ് ദാരിദ്ര്യം ഏറ്റവും രൂക്ഷം. പ്രിൻസ് ആൽബർട്ട്, യോർക്ക്ടൺ മേഖലകളിലും സ്ഥിതി സമാനമാണ്. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുമാണ് സാധാരണക്കാരായ മാതാപിതാക്കളെ വലയ്ക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും കുട്ടികളുടെ വസ്ത്രങ്ങൾക്കും വരെ അമിതവില നൽകേണ്ടി വരുന്നത് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതായി സിസിപിഎ ഗവേഷകൻ സൈമൺ ഇനോക്ക് വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവിശ്യാ സർക്കാരിനെതിരെ രാഷ്ട്രീയ സമ്മർദ്ദവും ശക്തമായിട്ടുണ്ട്. കുട്ടികളുടെ വസ്ത്രങ്ങൾക്കുള്ള നികുതി (PST) ഒഴിവാക്കണമെന്നും വീട്ടുവാടക നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്നും പ്രതിപക്ഷമായ എൻഡിപി ആവശ്യപ്പെട്ടു.
78,000 കുട്ടികൾ പട്ടിണിയിലായിട്ടും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഈ പട്ടികയിൽ സസ്‌കാച്ചുവാൻ ഏറ്റവും പിന്നിലായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ മാറ്റ് ലവ് പറഞ്ഞു. അതേസമയം, റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന ഫെഡറൽ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ലക്ഷ്യം കാണുന്നില്ലെന്നാണ് പുതിയ കണക്കുകൾ നൽകുന്ന മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാതാപിതാക്കളുടെ ബജറ്റ് തെറ്റിക്കുമ്പോൾ, വരും വർഷങ്ങളിലും ദാരിദ്ര്യ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഒരു ജനതയുടെ ഭാവി പ്രതിസന്ധിയിലാകുന്ന ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകുമോ എന്നാണ് പ്രവിശ്യ ഉറ്റുനോക്കുന്നത്.
over-one-quarter-of-saskatchewan-kids-live-in-poverty-report
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



