ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 550-ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള രഥങ്ങളിൽ ഒന്നായ തലധ്വജ രഥം വലിക്കുന്ന ആചാരപരമായ ആഘോഷത്തിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. തലധ്വജ രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ ഭക്തർ കൂട്ടത്തോടെ ഓടിയെത്തിയതാണ് തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് വിവരം. പലരും തളർന്നുവീണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ എട്ടു കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്.



