ഒട്ടാവ: കാനഡയിൽ ഉപയോഗിച്ചുവരുന്ന ആംഗ്രി ഓറഞ്ച് ബ്രാൻഡിന്റെ നാൽപ്പത്തിമൂവായിരത്തിലധികം സ്റ്റെയിൻ റിമൂവർ യൂണിറ്റുകൾ വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു. ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഹെൽത്ത് കാനഡ ഈ നടപടി സ്വീകരിച്ചത്. മണ്ണിലും വെള്ളത്തിലും സാധാരണയായി കാണപ്പെടുന്ന സ്യൂഡോമോണസ് എരുഗിനോസ എന്ന ബാക്ടീരിയയാണ് ഈ ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ ശ്വസനത്തിലൂടെയോ കണ്ണുകളിലൂടെയോ ചർമ്മത്തിലെ മുറിവുകളിലൂടെയോ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ആരോഗ്യവാനായ ഒരാളെ ഇത് കാര്യമായി ബാധിക്കില്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവർക്കും മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും ഈ ബാക്ടീരിയ വഴി കടുത്ത അണുബാധ ഉണ്ടായേക്കാം.
2019 മാർച്ച് മുതൽ 2025 ഡിസംബർ വരെ വിൽപന നടത്തിയ 24oz എൻസൈം സിട്രസ് സ്റ്റെയിൻ റിമൂവറിന്റെ ഓറഞ്ച് ട്വിസ്റ്റ്, ഫ്രഷ് ക്ലീൻ എന്നീ രണ്ട് വകഭേദങ്ങളാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്. അമേരിക്കയിലും സമാനമായ രീതിയിൽ ഏകദേശം പതിനാല് ലക്ഷത്തോളം ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. 2027 ഒക്ടോബർ ഏഴിന് മുൻപ് കാലാവധി തീരുന്ന കുപ്പികളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഈ ഉൽപ്പന്നം കൈവശമുള്ള ഉപഭോക്താക്കൾ അത് ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പണം തിരികെ ലഭിക്കുന്നതിനായി കുപ്പിക്ക് പുറത്ത് മാർക്കർ പേന ഉപയോഗിച്ച് ‘Recalled’ എന്നും നിങ്ങളുടെ പേരിന്റെ ആദ്യക്ഷരങ്ങളും എഴുതിയ ശേഷം അതിന്റെ ഫോട്ടോ എടുത്ത് കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഇതിനുശേഷം കുപ്പിയിലെ ദ്രാവകം ഒഴുക്കിക്കളയാതെ തന്നെ അത് നേരിട്ട് ചപ്പുചവറുകൾക്കൊപ്പം കളയണം. നിലവിൽ ഈ ഉൽപ്പന്നം കാരണം ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇവ കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടില്ലെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Over 43,000 stain removers recalled in Canada



