തിരുവനന്തപുരം: ലഹരി മാഫിയയെ ലക്ഷ്യമിട്ട് സംസ്ഥാന പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ ഡി-ഹണ്ടിന്റെ’ ഭാഗമായി നടത്തിയ വ്യാപക തിരച്ചിലിൽ 80 പേർ പിടിയിൽ. ഒറ്റദിവസം കൊണ്ട് സംസ്ഥാനത്തുടനീളം 63 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ്, കഞ്ചാവ് ബീഡികൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
പുതുവർഷ ദിനമായ ജനുവരി ഒന്നിനാണ് ലഹരി വിൽപനക്കാരെയും ഇടപാടുകാരെയും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. മയക്കുമരുന്ന് വിൽപനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1,427 പേരെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്തവയിൽ 16.36 ഗ്രാം എം.ഡി.എം.എ, 3.369 കിലോഗ്രാം കഞ്ചാവ്, 48 കഞ്ചാവ് ബീഡികൾ എന്നിവ ഉൾപ്പെടുന്നു. ലഹരിമരുന്നുകളുടെ സംഭരണവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക ഇന്റലിജൻസ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിലും റേഞ്ച് അടിസ്ഥാനത്തിലും പ്രവർത്തിക്കുന്ന ഈ സെല്ലുകൾ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
പൊതുജനങ്ങൾക്ക് ലഹരി വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാണ്. 9497927797 എന്ന നമ്പറിൽ വിവരങ്ങൾ അറിയിക്കാമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Operation D-Hunt' to shut down drug mafia; 80 people arrested in a single day in the state



