ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ സർക്കാർ 2031-ഓടെ 1.5 മില്യൺ പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള ലക്ഷ്യം നേടുന്നതിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഈ ലക്ഷ്യത്തോടുള്ള പ്രഖ്യാപിത പ്രതിബദ്ധത ഉണ്ടെങ്കിലും, 2025-ലെ ബജറ്റിലെ പുതിയ കണക്ക് പ്രകാരം ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ കുറവാണ് കാണുന്നത്. 2025-ൽ 71,800 വീടുകളുടെ നിർമാണം തുടങ്ങും, 2026-ൽ 74,800യും 2027-ൽ 82,500 വീടുകളും നിർമ്മാണത്തിന് തുടങ്ങുമെന്നുമാണ് ബജറ്റ് കണക്കുകൾ. എന്നാൽ ഇത് ആവശ്യമായതിൽ നിന്ന് വളരെ താഴെയാണ്.
ഇതുവരെ 260,000 വീടുകളുടെ നിർമ്മാണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്, ഇത് പകുതി കാലയളവ് പിന്നിട്ടപ്പോൾ പ്രവിശ്യ ലക്ഷ്യത്തിന്റെ കാൽ ഭാഗം മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ലക്ഷ്യം നേടാൻ, ഒന്റാരിയോ 2027-2031 കാലയളവിൽ പ്രതിവർഷം ശരാശരി 218,000 വീടുകൾ നിർമ്മിക്കേണ്ടതുണ്ട്. ഇത് നിലവിലെ നിരക്കിന്റെ ഇരട്ടിയിലധികമാണ്. മോർ നേബേഴ്സ് ടൊറന്റോയിലെ എറിക് ലോംബാർഡി പോലുള്ള ഭവന അഭിഭാഷകർ സർക്കാർ ഭവന ലക്ഷ്യങ്ങൾ ഉപേക്ഷിച്ചതായി ആരോപിക്കുകയും നിലവിലെ നടപടികൾ ഫലപ്രദമല്ലെന്ന് പറയുകയും ചെയ്യുന്നുണ്ട്.
സർക്കാർ ഇതിനോടകം തന്നെ മുനിസിപ്പൽ അടിസ്ഥാന സൗകര്യ ഫണ്ടിംഗിലേക്ക് $400 മില്യൺ കൂട്ടിച്ചേർത്തിട്ടുണ്ട്, കൂടാതെ അഞ്ച് വർഷങ്ങളിലായി മോഡുലാർ ഹൗസിംഗിന് $50 മില്യൺ നൽകിയിട്ടുമുണ്ട്. എന്നിരുന്നാലും, 2024-ൽ പരാജയപ്പെട്ട ബിൽഡിംഗ് ഫാസ്റ്റർ ഫണ്ടിൽ ഇതുവരെ യാതൊരു മാറ്റങ്ങളും കൊണ്ടുവന്നിട്ടില്ല. കൂടാതെ സർക്കാർ 2024 ഒക്ടോബർ മുതൽ ഹൗസിംഗ് ട്രാക്കർ അപ്ഡേറ്റ് ചെയ്തിട്ടില്ല, മിക്ക മുനിസിപ്പാലിറ്റികളും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. പ്രസിഡന്റ് ട്രംപിന് കീഴിലുള്ള യു.എസ് താരിഫുകളെ ഇതിനൊക്കെ കാരണമായി ധനകാര്യ മന്ത്രി പീറ്റർ ബെത്ലൻഫാൽവി ചൂണ്ടിക്കാട്ടിയെങ്കിലും, അവയ്ക്ക് മുമ്പ് തന്നെ ഇടിവ് ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ സർക്കാരിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും ധനസഹായവും പ്രവിശ്യ പ്രതീക്ഷിക്കുന്നു.



