അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഒന്റാറിയോ പ്രവിശ്യ സാസ്‌കാച്ചിവാൻ, ആൽബർട്ട, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകളുമായി പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പുവച്ചിരിക്കുന്നു. ഇന്റർ-പ്രൊവിൻഷ്യൽ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ സ്വതന്ത്ര നീക്കം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ധാരണാപത്രങ്ങൾ (MOU) ഉണ്ടാക്കുന്നത്. സാസ്‌കാറ്റൂണിൽ നടക്കാനിരിക്കുന്ന പ്രധാന മന്ത്രിയുമായി പ്രീമിയർമാരുടെ യോഗത്തിന് മുന്നൊരുക്കമായാണ് ഞായറാഴ്ച ഈ കരാറുകളിൽ ഒപ്പുവച്ചത്.
കാനഡയ്‌ക്കുള്ളിൽ സ്വതന്ത്ര വ്യാപാരത്തിനു വേണ്ടി നിലകൊള്ളുന്നതിന്റെ ഭാഗമായാണ് ഈ കരാറുകൾ എന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചത്.
“പ്രസിഡന്റ് ട്രംപ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത്, ഒന്റാരിയോയെയും കാനഡയെയും സംരക്ഷിക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ” എന്ന് അദ്ദേഹം പറഞ്ഞു.
ഈ ധാരണാപത്രങ്ങളിൽ നിക്ഷേപങ്ങൾ, തൊഴിലാളികൾ, സാധനങ്ങൾ എന്നിവയുടെ പരസ്പര അംഗീകാരങ്ങളും പുതിയ ആശയങ്ങളും ഉൾപ്പെടുന്നതാണ്. മറ്റ് രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിനേക്കാൾ എളുപ്പം കനേഡിയൻ പ്രവിശ്യകൾ തമ്മിൽ വ്യാപാരം നടത്താൻ കഴിയണമെന്ന് സാസ്‌കാച്ചിവാൻ പ്രീമിയർ സ്കോട്ട് മോ പറഞ്ഞു.
ഈ കരാറുകളുടെ പ്രാധാന്യം കാനഡയുടെ മൊത്തത്തിലുള്ള വ്യാപാരത്തിന്റെ 35 ശതമാനം രാജ്യത്തിനുള്ളിൽ തന്നെ നടക്കുന്നു എന്നതാണ്. മാർച്ചിൽ അമേരിക്ക കനേഡിയൻ കയറ്റുമതിക്ക് 25 ശതമാനവും ഊർജ ഉൽപ്പാദനങ്ങൾക്ക് 10 ശതമാനവും താരിഫ് ചുമത്തിയിരുന്നു. പിന്നീട് സ്റ്റീൽ, അലൂമിനിയം ഉൽപ്പാദനങ്ങൾക്ക് 25 ശതമാനവും വാഹനങ്ങൾക്ക് 25 ശതമാനവും താരിഫ് ചുമത്തി. ഇത്തരം സാഹചര്യങ്ങളിൽ പ്രവിശ്യകൾ തമ്മിലുള്ള സഹകരണം കൂടുതൽ പ്രസക്തമായിത്തീരുന്നു.
ഈ കരാറുകളുടെ അടിസ്ഥാനത്തിൽ, മദ്യം ഉപഭോക്താക്കളിൽ നേരിട്ട് വിൽക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്താനും, തൊഴിലാളികൾക്ക് പ്രവിശ്യകൾക്കിടയിൽ സഞ്ചാരിക്കാൻ സൗകര്യമുള്ള നിയമങ്ങൾ ഒരുക്കാനും കക്ഷികൾ ധാരണയിലായി. മെയ് മാസത്തിൽ മാനിറ്റോബയുമായും ഏപ്രിലിൽ നോവ സ്കോഷ്യ, ന്യൂ ബ്രൺസ്‌വിക്ക് എന്നിവയുമായും സമാന കരാറുകൾ ഒന്റാറിയോ ഒപ്പുവച്ചിരുന്നു. ഇത് കാനഡക്ക് കൂടുതൽ ശക്തമായും സ്വയം നിലനിൽക്കുന്ന രീതിയിലുള്ള സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കാനുള്ള ഒരു പ്രധാന തീരുമാനമാണ്.



