ഒന്റാരിയോ സർക്കാർ തങ്ങളുടെ വിവാദപരമായ ബിൽ 5-ൽ ഭേദഗതി വരുത്താൻ ഒരുങ്ങുന്നു. പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്ന ഈ ബിൽ, ചില പ്രവിശ്യ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. ഫസ്റ്റ് നേഷൻ വിഭാഗങ്ങളുടെ പരമ്പരാഗത അവകാശങ്ങളെ ലംഘിക്കുന്നുവെന്നും അവരുമായി കൂടിയാലോചന നടത്താനുള്ള ഭരണഘടനാപരമായ കടമയെ മറികടക്കുന്നുവെന്നും ഫസ്റ്റ് നേഷൻസ് നേതാക്കൾ ആരോപിച്ചതോടെയാണ് ബിൽ വിവാദത്തിലായത്.
ഫസ്റ്റ് നേഷൻസ് നേതാക്കളുടെ ആശങ്കകൾ കണക്കിലെടുത്ത്, ബില്ലിൽ “ഡ്യൂട്ടി ടു കൺസൽട്ട് ” എന്നൊരു വ്യവസ്ഥ ഉൾപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, ഫസ്റ്റ് നേഷൻസ്, പരമ്പരാഗത അവകാശങ്ങളെ അംഗീകരിക്കുന്നതിന് അനുസരിച്ചായിരിക്കും ഭേദഗതിയെന്നും സർക്കാർ വ്യക്തമാക്കി. ചില ഫസ്റ്റ് നേഷൻസ് സമൂഹങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫസ്റ്റ് നേഷൻസ് നേതൃത്വത്തിലുള്ള സാമ്പത്തിക മേഖലകൾ സ്ഥാപിക്കാനും ഒന്റാരിയോ സർക്കാർ പദ്ധതിയിടുന്നുണ്ട്.
ധാതു സമ്പന്നമായ ‘റിംഗ് ഓഫ് ഫയർ’ പ്രദേശം ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയായി നിശ്ചയിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സമീപത്തുള്ള ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടതിനാൽ, ഈ പ്രദേശത്തെ പ്രത്യേക മേഖലയായി പ്രഖ്യാപിക്കുന്നത് സർക്കാർ തൽക്കാലം വൈകിപ്പിച്ചു. അർത്ഥവത്തായ കൂടിയാലോചനകളില്ലാതെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നു.
ബിൽ 5 ഖനനം മാത്രമല്ല, ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ളതാണ് എന്ന് മന്ത്രിമാരായ റിക്ക്ഫോർഡും ലെക്കിയും പറയുന്നു. വിദൂര പ്രദേശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതും ഊർജ്ജ സംവിധാനങ്ങൾ ലഭ്യമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ, ബിൽ പൂർണ്ണമായി പിൻവലിക്കണമെന്നാണ് പല തദ്ദേശീയ നേതാക്കളും ആവശ്യപ്പെടുന്നത്. 133 ഫസ്റ്റ് നേഷൻസ് സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ചീഫ്സ് ഓഫ് ഒന്റാരിയോ പറയുന്നത്, ബിൽ രൂപീകരിക്കുന്നതിന് മുൻപ് തന്നെ കൂടിയാലോചനകൾ നടക്കേണ്ടതായിരുന്നു എന്നാണ്.
എതിർപ്പുകൾക്കിടയിലും, ബിൽ അടുത്ത ആഴ്ച പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൽ പാസായതിന് ശേഷം ഉടൻ തന്നെ ഫസ്റ്റ് നേഷൻസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പ്രീമിയർ ഫോർഡും മന്ത്രിമാരും പദ്ധതിയിടുന്നു.



