പ്രാദേശിക മദ്യ നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാൻ ഒന്റാറിയോ സർക്കാർ ഏർപ്പെടുത്തിയ നികുതിയിളവ് പ്രാബല്യത്തിൽ . ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ നികുതി വ്യവസ്ഥ നിലവിൽ വന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ബിയർ, സ്പിരിറ്റ് എന്നിവയുടെ നികുതിയിൽ 50 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. എന്നാൽ, ഈ നികുതിയിളവിൻ്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നത് കണ്ടറിയണം. യു.എസ്. താരിഫ് ഉൾപ്പെടെയുള്ള സാമ്പത്തിക സമ്മർദ്ദങ്ങളിൽ ബുദ്ധിമുട്ടുന്ന പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ നികുതിയിളവ് പ്രാദേശിക മദ്യ നിർമ്മാതാക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഹെൻഡേഴ്സൺ ബ്രൂവിംഗ് കമ്പനിയുടെ സഹസ്ഥാപകനായ സ്റ്റീവ് ഹിമെൽ പറയുന്നതനുസരിച്ച്, ഈ മാറ്റം തങ്ങളുടെ ബിസിനസിന് വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും ഈ നികുതിയിളവ് തങ്ങളെ കൂടുതൽ മത്സരക്ഷമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നികുതിയിളവിലൂടെ ലഭിക്കുന്ന ലാഭം ഉത്പാദന രംഗത്തെ വളർച്ചക്കായി ഉപയോഗിക്കാനാണ് പല കമ്പനികളും ആലോചിക്കുന്നത്.
നികുതിയിളവുകൾ മദ്യത്തിൻ്റെ വിലയിൽ കാര്യമായ കുറവുണ്ടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനികൾക്ക് അവരുടെ ഉത്പന്നങ്ങളുടെ വില കുറക്കുകയോ അതല്ലെങ്കിൽ ലഭിക്കുന്ന ലാഭം ബിസിനസ് വിപുലീകരിക്കാൻ ഉപയോഗിക്കുകയോ ചെയ്യാം. അതിനാൽത്തന്നെ ഉപഭോക്താക്കൾക്ക് ഉടൻ വിലക്കുറവ് പ്രതീക്ഷിക്കാനാവില്ലെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. പുതിയ നികുതിയിളവുകൾ പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും മദ്യത്തിൻ്റെ നികുതി ഘടനയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഈ മാറ്റങ്ങളെ ഒന്റാറിയോ ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഒന്റാറിയോയുടെ ക്രാഫ്റ്റ് ബിയർ വ്യവസായത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു തലമുറയിൽ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് സ്കോട്ട് സിമ്മൺസ് പറഞ്ഞു. ഈ മാറ്റങ്ങൾ പ്രാദേശിക വ്യവസായങ്ങളെ വളർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ontario government offers relief to local liquor producers; up to 50% tax cut



