മോഡുലാർ റിയാക്ടറുകൾ നിർമ്മിക്കാനൊരുങ്ങി കാനഡ. ഒന്റാറിയോ പവർ ജനറേഷന് പ്രീമിയർ ഡഗ് ഫോർഡിന്റെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി സർക്കാർ. ഡാർലിംഗ്ടൺ പവർ പ്ലാന്റിന് സമീപത്തായാണ് പുതിയ മോഡുലാർ റിയാക്ടർ വരാൻ പോകുന്നത്. ഒന്റാറിയോയിലെ ഊർജ്ജ, ഖനി മന്ത്രാലയത്തിന്റെ ബ്രീഫിംഗ് രേഖകൾ പ്രകാരം, ഈ ചെറിയ മോഡുലാർ റിയാക്ടർ (SMR) 300 മെഗാവാട്ട് വൈദ്യുതി നൽകും. ഏകദേശം 300,000 വീടുകൾക്ക് വിതരണം ചെയ്യാൻ ആവശ്യമായ വൈദ്യുതി ഇതിലൂടെ കിട്ടുമെന്നാണ് കരുതുന്നത്.
പ്രവിശ്യയിലെ വൈദ്യുതി ആവശ്യകത കുത്തനെ കൂടുമെന്ന് കരുതുന്ന സാഹചര്യത്തിലാണ് 20.9 ബില്യൺ ഡോളറിന്റെ പദ്ധതി വരുന്നത്. ഈ സ്ഥലത്ത് നിർമ്മിക്കാൻ ലക്ഷ്യമിടുന്ന നാല് റിയാക്ടറുകളിൽ ആദ്യത്തേതായിരിക്കും ഇത്. പ്രാരംഭ റിയാക്ടറിന്റെ നിർമ്മാണ ചെലവ് 7.7 ബില്യൺ ഡോളറാണ്, ഇതിൽ 1.6 ബില്യൺ ഡോളർ അടിസ്ഥാന സൗകര്യങ്ങൾ പദ്ധതിയിക്കായാണ് ഉപയോഗിക്കുക. ഒന്റാറിയോ തടാകത്തിന്റെ തീരത്ത് നിലവിലുള്ള ആണവ നിലയത്തിന് കിഴക്ക് ഭാഗത്തായാണ് പദ്ധതിക്കായി സ്ഥലത്ത് ഒരുക്കാൻ ശ്രമിക്കുന്നത്.
“ഒന്റാറിയോയ്ക്ക് കൂടുതൽ വൈദ്യുതി ആവശ്യമാണ്, നമുക്ക് ഈ പ്രശ്നം മനസ്സിലായെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സ്വീകരണമുറിയിൽ ലൈറ്റുകൾ ഓണാക്കുമ്പോൾ, ആ വൈദ്യുതി എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ ചിന്തിച്ചേക്കില്ല. എന്നാൽ നമ്മുടെ പ്രവിശ്യയുടെയും രാജ്യത്തിന്റെയും സാമ്പത്തിക പരമാധികാരത്തിന് വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജ്ജം ഉറപ്പാക്കേണ്ടതുണ്ട്” ഒന്റാറിയോയിലെ ഊർജ്ജ, ഖനി മന്ത്രി സ്റ്റീഫൻ ലെക്സ് പറഞ്ഞു.



