ഒന്റാരിയോ; ഒന്റാരിയോ പ്രൊവിൻഷ്യൽ ബജറ്റിൽ ഓട്ടിസം പ്രോഗ്രാമിനായി അനുവദിച്ച അധിക ധനസഹായത്തെ ഓട്ടിസം കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു. ബുധനാഴ്ച പ്രഖ്യാപിച്ച ബജറ്റിൽ ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിനായി 186 മില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തുക അനുവദിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ ഇത് വളരെ വൈകിപ്പോയ ഒന്നാണെന്നും ഒന്റാരിയോ ഓട്ടിസം കോയലിഷൻ (Ontario Autism Coalition) പ്രസിഡന്റ് അലീന കാമറൂൺ വ്യക്തമാക്കി.
നിലവിൽ ഒന്റാരിയോയിൽ 67,000 കുട്ടികളാണ് ഓട്ടിസം ചികിത്സാ സേവനങ്ങൾക്കായി വെയിറ്റിംഗ് ലിസ്റ്റിലുള്ളതെന്ന് കാമറൂൺ അറിയിച്ചു. പ്രാഥമിക ക്ലിനിക്കൽ സേവനങ്ങൾക്കായി ഈ കുട്ടികൾ ശരാശരി 5.2 വർഷം കാത്തിരിക്കേണ്ടി വരുന്നുണ്ട്. നേരത്തെയുള്ള ഇടപെടൽ ആവശ്യമായ കുട്ടികൾക്ക് പലപ്പോഴും ഏഴ് വയസ്സോ അതിനുശേഷമോ മാത്രമാണ് സേവനങ്ങൾ ലഭ്യമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം അനുവദിച്ച 120 മില്യൺ ഡോളർ കൊണ്ട് വെയിറ്റിംഗ് ലിസ്റ്റിൽ കാര്യമായ കുറവുണ്ടായില്ലെന്നും പുതിയ ഫണ്ട് ഇതിനായി കൃത്യമായി വിനിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അനുവദിച്ച തുക ഏത് രീതിയിൽ ചെലവഴിക്കുമെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ഓട്ടിസം മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു. പ്രത്യേക വിദ്യാഭ്യാസ മേഖലയ്ക്ക് (Special Education) മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്നും പാരലൽ ആയി ഈ മേഖലയിലും വർധനവ് ആവശ്യമാണെന്നും കുട്ടികളുടെ രക്ഷിതാവും ആക്ടിവിസ്റ്റുമായ ഷോൺ സ്റ്റാഡൺ പറഞ്ഞു. വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിന് മുൻഗണന നൽകുന്നതിനായി കുടുംബങ്ങൾ ചിൽഡ്രൻ ആൻഡ് സോഷ്യൽ സർവീസസ് മന്ത്രി മൈക്കിൾ പാർസയെ സമീപിക്കണമെന്നും അലീന കാമറൂൺ നിർദ്ദേശിച്ചു.
സേവനങ്ങൾ തേടി യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ യാത്രാച്ചെലവ് പരിഗണിക്കണമെന്ന് സഡ്‌ബറി എംപിപി ജാമി വെസ്റ്റ് ആവശ്യപ്പെട്ടു. വടക്കൻ മേഖലകളിലുള്ള കുടുംബങ്ങൾക്ക് നിലവിലെ ഉയർന്ന ഇന്ധനവില വലിയ പ്രതിസന്ധിയാണെന്നും യഥാർത്ഥ യാത്രാച്ചെലവ് കണക്കാക്കി ഇവർക്ക് ധനസഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഫ്രഞ്ച് ഭാഷാ സേവനങ്ങൾ തേടി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നവർക്ക് ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ചിൽഡ്രൻ ആൻഡ് സോഷ്യൽ സർവീസസ് മന്ത്രാലയത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
Autism community welcomes additional funding for autism programs in Ontario provincial budget
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



