സെന്റ് ജോൺ: ന്യൂ ബ്രൺസ്വിക്കിലുള്ള പോർട്ട് സെയിന്റ് ജോൺ വഴിയുള്ള ഒന്റാരിയോയുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 247 മില്യൺ ഡോളർ ചെലവഴിച്ച് തുറമുഖം നവീകരിച്ചതിന് പിന്നാലെയാണിത്. 2024 മുതൽ 2025 വരെയുള്ള കാലയളവിൽ ഒന്റാറിയോയിൽ നിന്നുള്ള കയറ്റുമതിയിൽ 153 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി അധികൃതർ അറിയിച്ചു. 2025-ൽ ഈ തുറമുഖം വഴിയുള്ള ആകെ കയറ്റുമതിയുടെ 31 ശതമാനവും ഒന്റാരിയോയിൽ നിന്നായിരുന്നു.
അന്തർ-പ്രവിശ്യാ വ്യാപാരത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ സംയുക്തമായി നടത്തുന്ന ശ്രമങ്ങളാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയ്ക്ക് പുറത്തുള്ള ആഗോള വിപണികളിലേക്ക് വ്യാപാരം വ്യാപിപ്പിക്കാനുള്ള കാനഡയുടെ നീക്കങ്ങൾക്ക് ഇത് കരുത്തുപകരുന്നു. വാഹനങ്ങൾ, കാർഷിക-വന ഉൽപ്പന്നങ്ങൾ, ലോഹങ്ങൾ എന്നിവയാണ് ഒന്റാരിയോയിൽ നിന്ന് പ്രധാനമായും ഈ തുറമുഖം വഴി കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒന്റാറിയോയിൽ നിന്നുള്ള കയറ്റുമതിയിൽ 600 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്.
കാനഡയ്ക്കുള്ളിലെ സ്വതന്ത്ര വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഉൽപ്പന്നങ്ങൾ പുതിയ ആഗോള വിപണികളിലെത്തിക്കുന്നതിനും ഇത്തരം പങ്കാളിത്തങ്ങൾ അനിവാര്യമാണെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി. ന്യൂ ബ്രൺസ്വിക് ഉൾപ്പെടെ 10 പ്രവിശ്യകളുമായും ടെറിട്ടറികളുമായും ഒന്റാരിയോ വ്യാപാര കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്. റെയിൽവേ പാതകൾ, ഹൈവേകൾ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സാമ്പത്തിക അനിശ്ചിതത്വങ്ങളെ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒന്റാരിയോയിലെ കയറ്റുമതിക്കാർക്ക് ലോകനിലവാരത്തിലുള്ള യാത്രാസൗകര്യമൊരുക്കാൻ പോർട്ട് സെയിന്റ് ജോണിന് സാധിക്കുമെന്ന് ന്യൂ ബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട് പറഞ്ഞു. ഈ സഹകരണം കാനഡയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിയുമായി പ്രീമിയർമാർ നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാര തടസ്സങ്ങൾ നീക്കുന്നതും കയറ്റുമതി വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ontario and New Brunswick join hands to target international markets; huge boost in exports



