ഒന്റാറിയോ: പ്രശസ്ത കനേഡിയൻ ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ സുഖ്വീന്ദർ സിദ്ദു (31) കോടതിയിൽ കുറ്റം സമ്മതിച്ചു. 2023 ഓഗസ്റ്റിലുണ്ടായ ദാരുണമായ അപകടത്തിൽ അലക്സാണ്ട്ര കൊല്ലപ്പെടുകയും അവരുടെ പത്തുമാസം പ്രായമായ കുഞ്ഞിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിനും ശാരീരിക പരിക്കുകൾക്കും കാരണമായി എന്ന കുറ്റമാണ് ഒന്റാറിയോ സ്വദേശിയായ സിദ്ദു ചൊവ്വാഴ്ച വെർച്വൽ കോടതിയിൽ സമ്മതിച്ചത്.
ഷെൽബേണിന് വടക്ക് മെലാൻക്തോൺ ടൗൺഷിപ്പിലെ കൺസ്ട്രക്ഷൻ സോണിലായിരുന്നു അപകടം നടന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത നിയന്ത്രണമുള്ള മേഖലയിൽ 108 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ ട്രക്ക്, നിർത്തിയിട്ടിരുന്ന ആറ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അലക്സാണ്ട്ര ഓടിച്ചിരുന്ന കാറിലാണ് ട്രക്ക് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന് റോഡരികിലെ കുഴിയിലേക്ക് തെറിച്ചുപോയി. സംഭവസ്ഥലത്ത് വെച്ച് തന്നെ അലക്സാണ്ട്ര മരിച്ചു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മകന്റെ കാലിന് ഒടിവുണ്ടാവുകയും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടസമയത്ത് സുഖ്വീന്ദർ സിദ്ദു ഏകദേശം 26 മണിക്കൂറോളം തുടർച്ചയായി ജോലിയിലായിരുന്നുവെന്നും വേഗത കുറയ്ക്കാനുള്ള ട്രാഫിക് മുന്നറിയിപ്പുകൾ അദ്ദേഹം അവഗണിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2014-ലെ സോച്ചി ഒളിമ്പിക്സിൽ കാനഡയെ പ്രതിനിധീകരിച്ച ഐസ് ഡാൻസിങ് താരമായിരുന്നു അലക്സാണ്ട്ര പോൾ. കായികരംഗത്ത് നിന്ന് വിരമിച്ച ശേഷം ബാരിയിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി കുറ്റം സമ്മതിച്ചത്. സിദ്ദുവിനുള്ള ശിക്ഷാവിധി മെയ് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. അന്ന് ഇരകളുടെ കുടുംബാംഗങ്ങളുടെ മൊഴികളും കോടതി രേഖപ്പെടുത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ont. man pleads guilty in 2023 transport truck crash that killed Olympian Alexandra Paul



