ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും 38കാരന് അദ്ഭുതകരമായ രക്ഷപ്പെടൽ. രമേഷ് ബിശ്വാസ് കുമാർ എന്ന യുവാവാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 11 A സീറ്റിൽ യാത്ര ചെയ്തിരുന്നയാളാണ് രമേശ്. എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇയാൾ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിലാണ്. തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന്റെ ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദമൻ-ദിയു സ്വദേശിയായ ഇയാൾ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബന്ധുക്കളെ കാണാനാണ് യുവാവ് നാട്ടിലേക്ക് വന്നത്. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.



