സസ്കാറ്റൂണിൽ ശനിയാഴ്ച രാവിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. രാവിലെ 9:13 ഓടെ അവന്യൂ എൻ സൗത്തിലെ 600 ബ്ലോക്കിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് ഫയർ എഞ്ചിനുകൾ, ഒരു റെസ്ക്യൂ യൂണിറ്റ്, ഒരു ലാഡർ ട്രക്ക്, ബറ്റാലിയൻ ചീഫ് എന്നിവയുൾപ്പെടെ നിരവധി യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് അയച്ചു.
വീട്ടിലെ മേൽക്കൂരയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെസ്ക്യൂ യൂണിറ്റ് ഉടൻ തന്നെ തീയണയ്ക്കുകയായിരുന്നു. രാവിലെ 9:43 ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി സസ്കാറ്റൂൺ ഫയർ ഡിപ്പാർട്ട്‌മെന്റ് (SFD) അറിയിച്ചു.
വീടിനുള്ളിൽ നിന്ന് കണ്ടെത്തിയ ഒരാളെ പുറത്തെടുത്തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണവും ഉറവിടവും SFD യുടെ ഫയർ ഇൻവെസ്റ്റിഗേറ്റർ സസ്കാറ്റൂൺ പോലീസ് സേനയുമായി സഹകരിച്ച് അന്വേഷിച്ചുവരികയാണ്.



