വിന്നിപെഗ്: വിന്നിപെഗ് പോലീസ് സേനയിൽ 22 വർഷം സേവനമനുഷ്ഠിച്ച മുതിർന്ന ഉദ്യോഗസ്ഥൻ ഗുരുതരമായ കുറ്റകൃത്യങ്ങൾ കോടതിയിൽ സമ്മതിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ മയക്കുമരുന്ന് വിറ്റതായും ഡ്യൂട്ടിക്കിടെ മൃതദേഹത്തെ അപമാനിച്ചതായും മുൻ കോൺസ്റ്റബിൾ എൽസ്റ്റൺ ബോസ്റ്റോക്ക് കോടതിയിൽ വെളിപ്പെടുത്തി.
എട്ടു വർഷത്തോളം നീണ്ടുനിന്ന മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള കുറ്റസമ്മതമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊക്കെയ്ൻ, എക്സ്റ്റസി, സൈലോസിബിൻ, വിവിധ കുറിപ്പടി മരുന്നുകൾ എന്നിവ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിറ്റതായാണ് അദ്ദേഹം സമ്മതിച്ചത്. ഡ്യൂട്ടി സമയത്തും അല്ലാത്തപ്പോഴും ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നു.
ഇതിനുപുറമെ, ഡ്യൂട്ടിക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ വസ്ത്രം ഭാഗികമായി നീക്കം ചെയ്ത ചിത്രങ്ങൾ പകർത്തി മറ്റൊരു ഉദ്യോഗസ്ഥന് അയച്ചുകൊടുത്തതായും ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കുറ്റവും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
സ്വന്തം സഹപ്രവർത്തകർ തന്നെ നൽകിയ പരാതിയെത്തുടർന്ന് 2024-ലാണ് ബോസ്റ്റോക്ക് അറസ്റ്റിലാകുന്നത്. തുടർന്ന് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ച ഇയാളെ കഴിഞ്ഞ മാസം പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടതായി വിന്നിപെഗ് പോലീസ് ചീഫ് ജീൻ ബോവേഴ്സ് അറിയിച്ചു. ബോസ്റ്റോക്കിന്റെ ശിക്ഷാവിധി കോടതി പിന്നീട് പ്രഖ്യാപിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Officer who pleaded guilty to taking photo of dead woman admits to selling drugs



