നഗരത്തിലെ യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി, ഒട്ടാവയിലെ പൊതുഗതാഗത സേവനദാതാക്കളായ OC ട്രാൻസ്പോ, മക്ഡൊണാൾഡ്-കാർട്ടിയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ 24 മണിക്കൂർ ബസ് സർവീസ് ആരംഭിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് 25 മുതൽ പുതിയ ‘റൂട്ട് 105’ സേവനം ലഭ്യമാകും. നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും. വിമാനത്താവളത്തിലേക്ക് രാത്രികാലങ്ങളിലും അതിരാവിലെയും യാത്ര ചെയ്യേണ്ടവർക്ക് O-Train സേവനം ലഭ്യമല്ലാത്ത സമയങ്ങളിൽ ഈ ബസ് സർവീസ് വലിയ സഹായമാകും.
ട്രെംബ്ലേ, സെന്റ്-ലോറന്റ്, ഹർഡ്മാൻ തുടങ്ങിയ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് 105 പ്രവർത്തിക്കുക. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഈ സർവീസ് ലഭ്യമായിരിക്കും. ഓരോ 30 മിനിറ്റിലും പുതിയ ബസ് വിമാനത്താവളത്തിലേക്ക് പുറപ്പെടും. കൂടാതെ, O-ട്രെയിൻ സർവീസ് ഇല്ലാത്ത രാത്രിസമയങ്ങളിൽ റൈഡോ, ഹർഡ്മാൻ സ്റ്റേഷനുകളിൽ നിന്ന് മറ്റൊരു പ്രത്യേക ബസ് സർവീസും ലഭ്യമാക്കും. നിലവിലുള്ള N98, 197 റൂട്ടുകൾക്ക് പകരമായാണ് ഈ പുതിയ രാത്രികാല സർവീസ് ആരംഭിക്കുന്നത്.
പുതിയ റൂട്ടിന് ‘105’ എന്ന നമ്പർ നൽകിയത് കനേഡിയൻ വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന വിമാനമായ ‘Avro Canada CF-105 Arrow’ വിനോടുള്ള ആദരസൂചകമായിട്ടാണ്. 1950-കളിൽ നിർമ്മിച്ച, അക്കാലത്തെ അത്യാധുനിക സൂപ്പർസോണിക് വിമാനമായിരുന്നു ‘Arrow’. കുറഞ്ഞ കാലം മാത്രമാണ് ഈ വിമാനം സർവീസിലുണ്ടായിരുന്നത്. അതുകൂടാതെ മറ്റ് ചില റൂട്ട് മാറ്റങ്ങളും OC ട്രാൻസ്പോ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ മുതൽ യൂത്ത് മന്ത്ലി പാസ് അവസാനിപ്പിക്കുമെന്നും പകരം മുതിർന്നവർക്കുള്ള പാസ് ഉപയോഗിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ, യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ തിരക്കുള്ള സമയങ്ങളിൽ റൂട്ട് 7, 25 തുടങ്ങിയ ബസുകളിൽ കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കാനഡ ഏവിയേഷൻ ആൻഡ് സ്പേസ് മ്യൂസിയത്തിലേക്കുള്ള റൂട്ട് 125, പെട്രി ദ്വീപിലേക്കുള്ള റൂട്ട് 139, കാനഡ അഗ്രികൾച്ചർ ആൻഡ് ഫുഡ് മ്യൂസിയത്തിലേക്കുള്ള റൂട്ട് 8 എന്നിവയുടെ സർവീസുകൾ സെപ്റ്റംബർ ഒന്നിന് അവസാനിക്കുമെന്നും OC ട്രാൻസ്പോ വ്യക്തമാക്കി.
24-hour bus service to the airport; OC Transpo opens new service route



