ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ സൊഹ്‌റാൻ മംദാനിയുടെ വിജയം ശ്രദ്ധേയമായ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിക്കൊണ്ടാണ് അദ്ദേഹം സിറ്റിയുടെ 111-ാമത് മേയറായി സ്ഥാനം ഉറപ്പിച്ചത്. ഈ വിജയം അദ്ദേഹത്തെ ന്യൂയോർക്ക് മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുകാരനും ആക്കി മാറ്റുന്നു എന്ന പ്രത്യേകതയുണ്ട്. പ്രശസ്ത ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനായ മംദാനി, മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ, ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലീം മതവിശ്വാസിയും ഏറ്റവും പ്രായം കുറഞ്ഞ മേയറും കൂടിയാണ് സൊഹ്‌റാൻ മംദാനി.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മംദാനിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ മേയറായി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “കമ്യൂണിസ്റ്റ് ഭ്രാന്തനാണ്” മംദാനിയെന്നും, ന്യൂയോർക്കിനെ നശിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നുമുള്ള വിമർശനങ്ങൾ ട്രംപ് ആവർത്തിച്ചിരുന്നു. രാജ്യത്തെ മാർക്സിസ്റ്റ് ഭ്രാന്തന്മാർക്ക് അടിയറവ് വെക്കാൻ വേണ്ടിയല്ല തങ്ങളുടെ മുൻതലമുറ രക്തം ചിന്തിയതെന്നും അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ലെന്നും പ്രസിഡന്റ് എന്ന നിലയിൽ താൻ അത് അനുവദിക്കില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെയും മുന്നറിയിപ്പുകളെയും മറികടന്നുകൊണ്ടാണ് മംദാനി ജനവിധി സ്വന്തമാക്കിയത്.
ഗുജറാത്ത് മുതൽ ഗാസ വരെയുള്ള വിഷയങ്ങളിൽ താൻ ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്ന് മംദാനി വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, കാലാവസ്ഥാ സമത്വം തുടങ്ങിയവയിൽ അദ്ദേഹം ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ പ്രധാന വിഷയങ്ങളായ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങിയ നിരവധി ആശയങ്ങളാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചത്. മംദാനിയുടെ വിജയം അദ്ദേഹത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടുകൾക്കും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾക്കും ന്യൂയോർക്ക് നഗരത്തിലെ ജനങ്ങൾ നൽകിയ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.



