ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിൽ ഒരു ആണവ റിയാക്ടർ സ്ഥാപിക്കാൻ ഒരുങ്ങി യുഎസ്. ഭാവി ദൗത്യങ്ങൾക്കായി സ്ഥിരമായ ഊർജ്ജം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ നാസ ലക്ഷ്യമിടുന്നത്. എന്നാൽ നാസയുടെ ഈ പദ്ധതി എത്രത്തോളം യാഥാർത്ഥ്യമാണെന്ന് വിശദീകരിക്കുകയാണ് ലങ്കാസ്റ്റർ സർവകലാശാലയിലെ എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസ് പ്രൊഫസറായ ലയണൽ വിൽസൺ. ചന്ദ്രനിലെ ഒരു ബേസിന് ഊർജ്ജം നൽകുക എന്നത് ദീർഘകാല ചാന്ദ്ര പര്യവേക്ഷണത്തിന് നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം പറയുന്നു.
ചന്ദ്രനിൽ അന്തരീക്ഷമോ കാറ്റോ കൽക്കരി പോലെയുള്ള മറ്റ് വിഭവങ്ങളോ ഇല്ല. അതിനാൽ സൗരോർജ്ജം മാത്രമാണ് ഊർജ്ജത്തിനുള്ള പ്രധാന മാർഗ്ഗം. ചന്ദ്രൻ വളരെ സാവധാനമാണ് കറങ്ങുന്നത്, ഒരു ഭ്രമണം പൂർത്തിയാക്കാൻ 28 ദിവസങ്ങൾ എടുക്കും. അതിനാൽ 14 ദിവസം തുടർച്ചയായി സൂര്യപ്രകാശവും പിന്നീട് 14 ദിവസം ഇരുട്ടും ആയിരിക്കും. അതുകൊണ്ട് തന്നെ ചന്ദ്രനിലെ ബേസുകൾക്ക് വൈദ്യുതി സംഭരിക്കാൻ വിപുലമായ ബാറ്ററി സംവിധാനങ്ങൾ ആവശ്യമാണ്.
അതിനുപകരം, റേഡിയോ ഐസോടോപ്പ് ജനറേറ്റർ പോലെയുള്ള ഒരു സംവിധാനം നിരന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്ന് വിൽസൺ വിശദീകരിക്കുന്നു.
ചൈനയും റഷ്യയും സംയുക്തമായി 2030-കളുടെ മധ്യത്തിൽ ഒരു ആണവ റിയാക്ടർ സ്ഥാപിക്കാൻ ശ്രമം നടത്തുന്നുണ്ട്. അവരെക്കാൾ ഒരുപടി മുന്നിൽ നിൽക്കാനാണ് നാസ ഈ പദ്ധതി വേഗത്തിലാക്കുന്നത്. യുഎസ് ഊർജ്ജ വകുപ്പുമായി സഹകരിച്ച് നാസ മുമ്പ് ഫിഷൻ സർഫേസ് പവർ പദ്ധതികൾ നടത്തിയിരുന്നു.
40 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിന് കഴിഞ്ഞിരുന്നു. ഇത് ഏകദേശം 30 വീടുകൾക്ക് 10 വർഷത്തേക്ക് വൈദ്യുതി നൽകാൻ പര്യാപ്തമാണ്. സൗരോർജ്ജം ദുർബലമായ ബഹിരാകാശ ദൗത്യങ്ങളിൽ നാസ ഉപയോഗിക്കുന്ന സംവിധാനം ചെറിയ അളവിൽ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ചന്ദ്രനിൽ 100 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിലും കൂടുതൽ പ്ലൂട്ടോണിയം ആവശ്യമായി വരുമെന്ന് വിൽസൺ പറയുന്നു. ഏകദേശം 200 കിലോഗ്രാം പ്ലൂട്ടോണിയം ഇതിനായി വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും വേഗത്തിൽ ഒരു റിയാക്ടർ നിർമ്മിക്കാൻ സാങ്കേതികമായി സാധിക്കുമെന്നാണ് വിൽസൺ അഭിപ്രായപ്പെടുന്നത്. എന്നാൽ അതിനു മുൻപ് മനുഷ്യൻ ചന്ദ്രനിൽ തിരിച്ചെത്തുമോ എന്നതാണ് വലിയ ചോദ്യം. മനുഷ്യൻ അവിടെ എത്തിയില്ലെങ്കിൽ വൈദ്യുതി ഉറവിടം അവിടെയെത്തിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.



