ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ ഹോം കെയർ മേഖലയുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി പുതിയ സാങ്കേതിക പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നു. 2027 പകുതിയോടെ ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ഹോം കെയർ ഏജൻസികളെയും ആരോഗ്യപ്രവർത്തകരെയും തത്സമയം പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പ്രവിശ്യയിലെ എല്ലാ ഹോം കെയർ ഏജൻസികളെയും നോവ സ്കോഷിയ ഹെൽത്തിന്റെ ‘കണ്ടിന്യൂയിംഗ് കെയർ’ പ്രോഗ്രാമുമായി ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിക്കും. ഇതുവഴി രോഗികളുടെ വിവരങ്ങൾ കൈമാറുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവർക്ക് ആവശ്യമായ തുടർചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് മുതിർന്ന പൗരന്മാരുടെയും ദീർഘകാല പരിചരണത്തിന്റെയും ചുമതലയുള്ള മന്ത്രി ബാർബറ ആഡംസ് പറഞ്ഞു. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും കടലാസ് ജോലികൾ ലഘൂകരിക്കാനും പ്ലാറ്റ്‌ഫോം സഹായിക്കും.
ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ സേവനനിലവാരം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കനേഡിയൻ കമ്പനിയായ ‘അലയ കെയർ ഇൻക്’ (AlayaCare Inc.) ആണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് ഏകദേശം 19 മില്യൺ ഡോളറാണ് പദ്ധതിയുടെ മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്.
നിലവിൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ നോവ സ്കോഷ്യയയിലെ സർക്കാർ ഹോം കെയർ പദ്ധതികൾ വഴി ഏകദേശം 40,000 പേർ സേവനം തേടുന്നുണ്ട്. പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നതോടെ ഇത്രയും വലിയൊരു വിഭാഗത്തിന് കൂടുതൽ കൃത്യതയാർന്നതും വേഗത്തിലുള്ളതുമായ പരിചരണം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
nova-scotia-to-launch-new-home-care-platform-in-2027
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



