നോവ സ്കോഷ്യ ആരോഗ്യ വകുപ്പ് ലൈംഗികരോഗ സ്വയംപരിശോധനാ പദ്ധതിയിൽ (STI SELF-TESTING PROGRAMME) HIV പരിശോധനയും ഉൾപ്പെടുത്തി വിപുലീകരിച്ചു. ‘STI Care Now’ എന്നറിയപ്പെടുന്ന ഈ സൗജന്യ പദ്ധതിയിൽ നേരത്തേ ക്ലാമിഡിയ, ഗോണോറിയ എന്നീ രോഗങ്ങളുടെ പരിശോധനകൾ ഉൾപ്പെട്ടിരുന്നു. നേരിട്ടുള്ള പരിശോധനയ്ക്ക് തടസ്സങ്ങൾ നേരിടുന്നവർക്ക് പ്രത്യേകിച്ചും ഗുണകരമാകുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ ലൈംഗികാരോഗ്യ സേവനങ്ങൾ കൂടുതൽ ജനലഭ്യമാക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ്.
“സമയബന്ധിതമായ രോഗനിർണയം, ചികിത്സ, ബോധവൽക്കരണം എന്നിവ ലൈംഗികരോഗങ്ങളുടെ പകർച്ച കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു,” എന്ന് പദ്ധതിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. ടോഡ് ഹാച്ചെറ്റ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള പരിചരണം എളുപ്പത്തിൽ ലഭ്യമാക്കുന്നത് ജനങ്ങളെ അവരുടെ ലൈംഗികാരോഗ്യത്തെക്കുറിച്ച് അറിവോടെ തീരുമാനങ്ങളെടുക്കാനും അനുയോജ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ശാക്തീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന നിവാസികൾക്ക് YourHealthNS ആപ്പ് അല്ലെങ്കിൽ നോവ സ്കോഷ്യ ആരോഗ്യ വെബ്സൈറ്റ് വഴി സ്വയംപരിശോധനാ കിറ്റുകൾക്ക് അപേക്ഷിക്കാം.
യോഗ്യത നേടുന്നവർക്ക് തപാൽ വഴി പരിശോധനാ കിറ്റും മുൻകൂർ അടച്ച തിരിച്ചയക്കൽ ലേബലും ലഭിക്കും. ഫലങ്ങൾ ഫോൺ അല്ലെങ്കിൽ ഇമെയിൽ വഴി അറിയിക്കുകയും, രോഗം സ്ഥിരീകരിക്കപ്പെടുന്നവർക്ക് പദ്ധതിയുടെ ഫാർമസി ടീമിന്റെ വെർച്വൽ തുടർ പരിചരണം ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, ‘STI Care Now’ പദ്ധതി എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് പ്രി-എക്സ്പോഷർ പ്രൊഫിലാക്സിസ് (PREP) എന്ന പ്രതിരോധ മരുന്നിനുള്ള യോഗ്യതയും വിലയിരുത്തുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലൈംഗികരോഗ പരിശോധനയ്ക്കു ചുറ്റുമുള്ള അപകീർത്തി കുറയ്ക്കുന്നതിനുമുള്ള മുൻകൈ നടപടിയായാണ് ആരോഗ്യ അധികാരികൾ ഈ പദ്ധതി വിപുലീകരണത്തെ കാണുന്നത്.



