നോവ സ്കോഷ്യയിൽ, വിദഗ്ദ്ധ തൊഴിലാളികൾക്ക് ഗുണകരമാകുന്ന നിർണായകമായ നയപരമായ മാറ്റം പ്രഖ്യാപിച്ചു. ഭൂരിഭാഗം നിർബന്ധിത തൊഴിൽ മേഖലകളിലെയും ‘ജേർണിപേഴ്സൺസ്’ സർട്ടിഫിക്കേഷൻ ഓരോ അഞ്ചു വർഷം കൂടുമ്പോഴും പുതുക്കണം എന്ന നിബന്ധന സർക്കാർ ഉടനടി എടുത്തുമാറ്റി. പ്ലംബിംഗ്, കൺസ്ട്രക്ഷൻ ഇലക്ട്രീഷ്യൻ, ബോയിലർമേക്കർ തുടങ്ങിയ ജോലികൾ ഉൾപ്പെടുന്ന മേഖലകളിലാണ് ഈ മാറ്റം. ഇത് ഈ തൊഴിലാളികളുടെ സമയവും പണവും കടലാസ് ജോലികളും ലാഭിക്കാൻ സഹായിക്കുമെന്ന് പ്രവിശ്യാ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തൊഴിൽ, നൈപുണ്യ, കുടിയേറ്റ മന്ത്രി നോളൻ യംഗ് ഈ മാറ്റം സ്വാഗതം ചെയ്തു. “പുതുക്കൽ നിബന്ധന ഒഴിവാക്കുകയും ഫീസ് കുറയ്ക്കുകയും ചെയ്യുന്നത്, തൊഴിലാളികൾക്ക് അനാവശ്യമായ ഭരണപരമായ നൂലാമാലകൾ ഇല്ലാതാക്കുന്നു,” അദ്ദേഹം പറഞ്ഞു. “സാമാന്യബുദ്ധിക്ക് നിരക്കുന്ന ഈ മാറ്റങ്ങൾ സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നതോടൊപ്പം കൂടുതൽ പേർക്ക് സർട്ടിഫിക്കേഷൻ നേടാനും ഞങ്ങളുടെ വിദഗ്ദ്ധ തൊഴിലാളി സമൂഹത്തെ വളർത്താനും സഹായിക്കും.” നിർബന്ധിത തൊഴിൽ മേഖലയിലെ വിദഗ്ദ്ധർക്ക് ലഭിച്ച ഈ ആശ്വാസം പ്രവിശ്യയുടെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകും.
സർട്ടിഫിക്കേഷൻ പുതുക്കൽ ഒഴിവാക്കിയതിന് പുറമെ, 70-ൽ അധികം ട്രേഡ് മേഖലകളിലെ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കേഷൻ പരീക്ഷ എഴുതുന്നതിനുള്ള ഫീസ് കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഈ നടപടികൾ നോവ സ്കോഷ്യ അപ്രന്റീസ്ഷിപ്പ് ഏജൻസിയുടെ ഭരണപരമായ ജോലികളും കുറയ്ക്കും. “ഈ മാറ്റങ്ങൾ സർട്ടിഫിക്കേഷൻ പ്രക്രിയ ലളിതമാക്കുകയും തൊഴിലാളികൾക്കും ഞങ്ങളുടെ ജീവനക്കാർക്കും അനാവശ്യമായ ഭരണപരമായ ഘട്ടങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു,” ഏജൻസിയുടെ സി.ഇ.ഒ. മിഷേൽ ബസ്സേ പറഞ്ഞു.
ഭരണപരമായ കാര്യങ്ങൾ കുറയ്ക്കുന്നതിലൂടെ അപ്രന്റീസുമാർക്കും തൊഴിലുടമകൾക്കും കൂടുതൽ ശ്രദ്ധ നൽകാനും പ്രതികരണ സമയം കുറയ്ക്കാനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ‘ബ്ലാസ്റ്റർ’ ട്രേഡ് മേഖലയിലുള്ളവർക്ക് അഞ്ചു വർഷം കൂടുമ്പോൾ സർട്ടിഫിക്കേഷൻ ഇപ്പോഴും പുതുക്കേണ്ടതുണ്ട്.
വിദഗ്ദ്ധ തൊഴിൽ മേഖലയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ‘റെഡ് സീൽ’ ട്രേഡുകളിലെ വിദഗ്ദ്ധർക്ക് ആൽബെർട്ട, ക്യുബെക്ക് പ്രവിശ്യകളിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ ജൂലൈ മാസം മുതൽ നോവ സ്കോഷ്യയിൽ സ്വയമേവ അംഗീകരിച്ചു തുടങ്ങിയിരുന്നു. ഈ പുതിയ തീരുമാനങ്ങൾ പ്രവിശ്യയിലേക്ക് കൂടുതൽ വിദഗ്ദ്ധ തൊഴിലാളികളെ ആകർഷിക്കാനും അവരുടെ തൊഴിൽ ജീവിതം ലളിതമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.



