നോവ സ്കോഷ്യ: നോവ സ്കോഷ്യ പ്രവിശ്യയിലേക്കുള്ള കുടിയേറ്റ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി നോവ സ്കോഷ്യ നോമിനി പ്രോഗ്രാമിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരം അനുസരിച്ച്, മുമ്പ് നിലവിലുണ്ടായിരുന്ന പത്ത് ഇമിഗ്രേഷൻ പാതകളെ സംയോജിപ്പിച്ച് പ്രധാനപ്പെട്ട നാല് സ്ട്രീമുകളാക്കി ചുരുക്കിയിരിക്കുകയാണ്. അപേക്ഷാ നടപടികൾ ആധുനികവൽക്കരിക്കാനും തൊഴിലുടമകൾക്കും കുടിയേറ്റക്കാർക്കും കൂടുതൽ വ്യക്തത നൽകാനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഈ തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവരെ പുതിയ മാറ്റങ്ങൾ ബാധിക്കില്ലെന്നും അവരുടെ അപേക്ഷകൾ നിലവിലെ മുൻഗണനാ ക്രമത്തിൽ തന്നെ തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
പുതുതായി രൂപീകരിച്ച സ്കിൽഡ് വർക്കർ സ്ട്രീമിൽ മുൻപുണ്ടായിരുന്ന നാല് വ്യത്യസ്ത പാതകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ വൈദഗ്ധ്യമുള്ള തൊഴിലാളികൾ, നിർമ്മാണ മേഖലയിലുള്ളവർ, ഡോക്ടർമാർ, ഡിമാൻഡ് കൂടുതലുള്ള മറ്റ് തസ്തികകൾ എന്നിവ ഇതിൽ വരും. 21 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്കും നോവ സ്കോഷ്യയിലെ തൊഴിലുടമയിൽ നിന്ന് സ്ഥിരമായ ജോലി വാഗ്ദാനം ലഭിച്ചവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹൈസ്കൂൾ ഡിപ്ലോമ ഇല്ലെങ്കിൽ പോലും അംഗീകൃത പരിശീലനം ഉണ്ടെങ്കിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ കാര്യത്തിൽ ഹെൽത്ത് അതോറിറ്റിയിൽ നിന്നുള്ള ജോലി വാഗ്ദനവും കൃത്യമായ ലൈസൻസും അപേക്ഷിക്കാൻ അനിവാര്യമാണ്.
രണ്ടാമത്തെ പ്രധാന വിഭാഗമായ നോവ സ്കോഷ്യ എക്സ്പ്രസ് എൻട്രിയിൽ മുൻപുണ്ടായിരുന്ന മൂന്ന് പാതകളാണ് ലയിപ്പിച്ചിരിക്കുന്നത്. ഫെഡറൽ എക്സ്പ്രസ് എൻട്രി പ്രൊഫൈലുള്ളവർക്കും പ്രവിശ്യയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും ഈ വഴി തിരഞ്ഞെടുക്കാം. തൊഴിലിന്റെ സ്വഭാവം അനുസരിച്ച് നിശ്ചിത ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന രേഖകളും ഇവർ ഹാജരാക്കേണ്ടതുണ്ട്. ഡോക്ടർമാർക്കായി ഈ വിഭാഗത്തിൽ പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. അവർ നോവ സ്കോട്ടിയയിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്യുമെന്ന് സമ്മതപത്രം നൽകേണ്ടതുണ്ട്.
സംരംഭകർക്കായുള്ള വിഭാഗത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നോവ സ്കോഷ്യയിൽ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രവിശ്യയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ബിസിനസ്സ് താല്പര്യമുള്ള ബിരുദധാരികൾക്കുമായി ഇത് രണ്ട് പാതകളായി തിരിച്ചിരിക്കുന്നു. ഹാലിഫാക്സ് മേഖലയ്ക്കുള്ളിലാണ് ബിസിനസ്സ് തുടങ്ങുന്നതെങ്കിൽ ആറ് ലക്ഷം ഡോളറിന്റെ ആസ്തിയും നിക്ഷേപവും ആവശ്യമാണ്. എന്നാൽ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നാല് ലക്ഷം ഡോളറിന്റെ നിക്ഷേപം മതിയാകും. വിദേശ ബിരുദധാരികളായ സംരംഭകർക്ക് ഒരു വർഷത്തെ ബിസിനസ്സ് ഉടമസ്ഥാവകാശവും പ്രവിശ്യയിലെ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
നാലാമത്തെ സ്ട്രീമായ നോവ സ്കോഷ്യ ഗ്രാജ്വേറ്റ് പ്രധാനമായും പഠനശേഷം പ്രവിശ്യയിൽ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. നഴ്സിംഗ് അസിസ്റ്റന്റുമാർ, ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസി ടെക്നീഷ്യൻമാർ എന്നീ തസ്തികകളിൽ ജോലി വാഗ്ദാനം ഉള്ളവർക്കാണ് ഈ പാതയിലൂടെ സ്ഥിരതാമസത്തിന് അവസരം ലഭിക്കുക. അപേക്ഷിക്കുന്നതിന് മുമ്പുള്ള മൂന്ന് വർഷത്തിനുള്ളിൽ നോവ സ്കോഷ്യയിലെ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കായിരിക്കും മുൻഗണന. ഈ മാറ്റങ്ങൾ പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ വിടവുകൾ നികത്താനും അപേക്ഷാ നടപടികൾ വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് കുടിയേറ്റ വകുപ്പിന്റെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia revamps provincial immigration pathways



