ഷെൽബേൺ: നോവ സ്കോഷ്യയിൽ മൂന്ന് നായകളുടെ ആക്രമണത്തിനിരയായ പതിമൂന്നുകാരൻ മരിച്ചതിനെ തുടർന്ന്, നിലവിലുള്ള നായ നിയന്ത്രണ ബൈലോ പുനഃപരിശോധിക്കാൻ തീരുമാനിച്ച് മുനിസിപ്പാലിറ്റി. കഴിഞ്ഞ ജനുവരി 3-ന് വെൽഷ്‌ടൗണിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഡ്രൂ നിക്കേഴ്സൻ എന്ന ബാലനെ ഒരു റോട്ട്‌വൈലറും രണ്ട് കേൻ കോർസോ ഇനത്തിൽപ്പെട്ട നായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലൻ ഹാലിഫാക്സിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധവും സുരക്ഷാ ആശങ്കയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഷെൽബേൺ മുനിസിപ്പാലിറ്റി തീരുമാനിച്ചത്. നിലവിലുള്ള ബൈലോ പ്രകാരം, അപകടകാരികളായ നായകളുടെ ഉടമകൾ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ, പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന നായകളെ ഉടമകളിൽ നിന്ന് ഏറ്റെടുക്കാനോ ദയാവധത്തിന് വിധേയമാക്കാനോ നഗര ഭരണകൂടത്തിന് അധികാരമുണ്ട്.
അപകടത്തിൽപ്പെട്ട നായകളെ ഇതിനകം തന്നെ ദയാവധത്തിന് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) നിലവിൽ അന്വേഷണം നടത്തിവരികയാണ്. ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ നിയമപരിഷ്കരണത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. കൃത്യമായ പഠനത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരാനാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.
നേരത്തെയും നോവ സ്കോഷ്യയിലെ ചില നഗരങ്ങൾ അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ഡ്രൂ നിക്കേഴ്സന്റെ മരണം കമ്മ്യൂണിറ്റിയെയാകെ ഉലച്ച പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia municipality to revise bylaw after 13-year-old dies in dog attack



