നോവ സ്കോഷ്യ: നോവ സ്കോഷ്യയിൽ കയോട്ടികളുടെ (Coyotes) സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സ്. കയോട്ടികളുടെ പ്രജനന കാലമായതിനാലാണ് ഇവയെ ഇപ്പോൾ ജനവാസ മേഖലകളിൽ വ്യാപകമായി കാണുന്നതെന്ന് മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ‘ഹോപ്പ് ഫോർ വൈൽഡ് ലൈഫ്’ സ്ഥാപക ഹോപ്പ് സ്വിനിമർ പറഞ്ഞു. ഈ വർഷമുണ്ടായ കാട്ടുതീയിൽ ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിച്ചതും നാട്ടിലേക്കിറങ്ങാൻ കാരണമായിട്ടുണ്ട്.
1995-ന് ശേഷം നോവ സ്കോഷ്യയിൽ മൂന്ന് പേർക്ക് കയോട്ടികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 2009-ൽ കേപ് ബ്രെട്ടൺ ഹൈലാൻഡ്സ് നാഷണൽ പാർക്കിൽ ഒരു സഞ്ചാരി ഇവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. ജനുവരി മുതൽ മാർച്ച് അവസാനം വരെയാണ് ഇവയുടെ പ്രജനന കാലം എന്നതിനാൽ ഈ സമയത്ത് കയോട്ടികൾ കൂടുതൽ ശബ്ദമുണ്ടാക്കുകയും പുറത്തിറങ്ങുകയും ചെയ്യും.
കയോട്ടികളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ചില പ്രധാന നിർദ്ദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ വീടിന് പുറത്ത് അലക്ഷ്യമായി ഇടരുത്. വളർത്തുമൃഗങ്ങളെ പുറത്തിറക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. നായ്ക്കളെ നടക്കാൻ കൊണ്ടുപോകുമ്പോൾ ആറടിയിൽ കൂടുതൽ നീളമില്ലാത്ത ചെറിയ ലീഷുകൾ (Leash) ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
പ്രഭാതത്തിലും സന്ധ്യാസമയത്തുമാണ് ഇവ ഏറ്റവും കൂടുതൽ സജീവമാകുന്നത്. മനുഷ്യരെ കയോട്ടികൾ നേരിട്ട് ആക്രമിക്കുന്നത് കുറവാണെങ്കിലും, ഏതെങ്കിലും സാഹചര്യത്തിൽ അവ മുന്നിൽപ്പെട്ടാൽ ഭയന്നോടരുതെന്ന് ഹോപ്പ് സ്വിനിമർ മുന്നറിയിപ്പ് നൽകുന്നു. പകരം കൈകൾ വീശി ശരീരം വലുതായി കാണിക്കുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും വേണം. നടക്കാൻ പോകുമ്പോൾ ഒരു വിസിലോ വടിയോ കരുതുന്നത് ഇവയെ അകറ്റിനിർത്താൻ സഹായിക്കും. പ്രകൃതിയോടും വന്യജീവികളോടും ഇണങ്ങി ജീവിക്കാൻ പഠിക്കുകയാണ് ഏറ്റവും പ്രധാനമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia issues advisory about increased coyote activity



