നോവ സ്കോഷ്യ: പ്രവിശ്യയിലെ സാംസ്കാരിക മേഖലയ്ക്ക് ആഘാതമായി സർക്കാർ തീരുമാനം. പ്രവിശ്യാ മ്യൂസിയം ശൃംഖലയുടെ ഭാഗമായ 28 മ്യൂസിയങ്ങളിൽ 12 എണ്ണം അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചു. നിലവിലെ സംവിധാനങ്ങൾ പരിപാലിക്കാനുള്ള ബുദ്ധിമുട്ടും സന്ദർശകരുടെ കുറവുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് സർക്കാർ അറിയിച്ചു. മൈറ്റ്ലാന്റിലെ ലോറൻസ് ഹൗസ്, ലിവർപൂളിലെ പെർക്കിൻസ് ഹൗസ്, ഷെൽബേണിലെ റോസ്-തോംസൺ ഹൗസ്, വിൻഡ്സറിലെ ഷാൻഡ് ഹൗസ് ഉൾപ്പെടെയുള്ള പ്രമുഖ ചരിത്ര സ്മാരകങ്ങളാണ് പൂട്ടുന്നത്. ഇതിനകം തന്നെ ഈ മ്യൂസിയങ്ങളെ നോവ സ്കോഷ്യ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തുകഴിഞ്ഞു.
മ്യൂസിയങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ വലിയ കുറവാണ് സർക്കാരിനെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്. അടച്ചുപൂട്ടാൻ തീരുമാനിച്ച 12 ഇടങ്ങളിലും കൂടി ആകെ സന്ദർശകരുടെ മൂന്ന് ശതമാനം മാത്രമാണ് എത്താറുള്ളത്. ചില മ്യൂസിയങ്ങളിൽ വർഷത്തിൽ കേവലം ആയിരത്തോളം സന്ദർശകർ മാത്രമാണ് വരുന്നത്. മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് നോവ സ്കോഷ്യയിൽ മ്യൂസിയങ്ങളുടെ എണ്ണം കൂടുതലാണെന്നും, അതിനാൽ കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ പദ്ധതിയെന്നും സാംസ്കാരിക വകുപ്പ് വ്യക്തമാക്കി.
ഈ തീരുമാനം മ്യൂസിയം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിക്കുമെന്നതിൽ സർക്കാർ ഖേദം പ്രകടിപ്പിച്ചു. പൂട്ടുന്ന മ്യൂസിയങ്ങളിലെ വിലപ്പെട്ട ചരിത്രരേഖകളും വസ്തുക്കളും മറ്റ് പ്രധാന മ്യൂസിയങ്ങളിലേക്കോ കമ്മ്യൂണിറ്റി സംഘടനകളിലേക്കോ മാറ്റാനാണ് തീരുമാനം. മ്യൂസിയം മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഈ കൈമാറ്റം നടക്കുകയുള്ളൂവെന്നും പ്രവിശ്യ സർക്കാർ അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia is closing 12 of its 28 provincial museum sites



