ശനിയാഴ്ച രാത്രി വടക്കൻ ഒന്റാരിയോയെ തകർത്ത അതിശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ബോൺഫീൽഡിലും കാൽവിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം, മരം വീഴ്ച, ഗതാഗതം തടസ്സപ്പെടൽ എന്നിവ കാരണം റോഡുകൾ അടയ്ക്കുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു. കാൽവിൻ മുനിസിപ്പാലിറ്റി ഷെൽട്ടർ-ഇൻ-പ്ലേസ് ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ മുനിസിപ്പൽ റോഡുകളും വെള്ളപ്പൊക്കം കൊണ്ടും, മറ്റ് മാലിന്യങ്ങൾ എന്നിവ കാരണം അടച്ചിട്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി.

ബോൺഫീൽഡിനും മറ്റാവയ്ക്കും ഇടയിലുള്ള ഹൈവേ 17 അടച്ചിട്ടിരിക്കുകയാണ്, സാമുവൽ ഡി ഷാംപ്ലെയിൻ പാർക്കിലേക്കുള്ള പ്രവേശനവും തടസ്സപ്പെട്ടിരിക്കുന്നു. രാത്രി 9 മണിയോടെ കാറ്റ് കൂടുതൽ ശക്തമാകാൻ തുടങ്ങിയെന്നും പിന്നീട് പെട്ടെന്ന് ശാന്തമായെന്നും കനേഡിയൻ ഇക്കോളജി സെന്ററിന്റെ സ്ഥാപകനും ജനറൽ മാനേജരുമായ ബിൽ സ്റ്റിയർ പറഞ്ഞു. പിന്നീട് 9:13 ഓടെ കാറ്റ് വീണ്ടും ശക്തി പ്രാപിക്കുകയും താൻ താമസിച്ചിരുന്ന ക്യാബിനിലേക്ക് മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങുകയും ചെയ്തെന്ന് അദ്ദേഹം വിവരിച്ചു.
ഏകദേശം 30 സെക്കൻഡിനുള്ളിൽ എല്ലാം അവസാനിച്ചതായും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങൾ ഉണ്ടായിരുന്നിട്ടും, ഇക്കോളജി സെന്ററിലെ എല്ലാ ജീവനക്കാരും സന്ദർശകരും സുരക്ഷിതരാണെന്ന് സ്റ്റിയർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം സെന്റർ കുറച്ചുകാലം അറ്റകുറ്റപ്പണികൾക്കും വൃത്തിയാക്കലിനും വേണ്ടി അടച്ചിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മാലിന്യങ്ങൾ നീക്കം ചെയ്യാനും നാശനഷ്ടങ്ങൾ വിലയിരുത്താനും രക്ഷാപ്രവർത്തകർ ശ്രമിക്കുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) താമസക്കാരോട് പറഞ്ഞു. മറ്റാവ മൈക്ക് റോഡൻ അരീനയിൽ ഒരു ഒഴിപ്പിക്കൽ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. റോഡ് അടച്ചതിനാൽ കുടുങ്ങിയവർക്കും, വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്കും ഇവിടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
കിച്ചനർ, ബ്രെക്കൻറിഡ്ജ് ഡ്രൈവ്, വെല്ലിംഗ്ടൺ സ്ട്രീറ്റ് നോർത്ത് എന്നിവിടങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ ഞായറാഴ്ചയും പോലീസ് സാന്നിധ്യമുണ്ടാകും. ചില പ്രദേശങ്ങളിൽ സെൽ, ലാൻഡ്‌ലൈൻ സേവനങ്ങൾ ലഭ്യമല്ല. റെഡ് ക്രോസ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ രംഗത്തുണ്ടെന്നും മറ്റാവ ഫയർ ഉദ്യോഗസ്ഥർ അറിയിച്ചു.

നോർത്ത് ബേ റീജിയണൽ ഹെൽത്ത് സെന്ററും മാറ്റാവ ഹോസ്പിറ്റലും “കോഡ് ഓറഞ്ച്” അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ അടിയന്തരാവസ്ഥയും ഷാംപ്ലെയിൻ പാർക്കിലുണ്ടായ കനത്ത നാശനഷ്ടങ്ങളും കാരണം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും അടിയന്തരമല്ലാത്ത പരിചരണത്തിന് കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.



