വാഷിംഗ്ടൺ: അമേരിക്കൻ ഇൻഫ്ലുവൻസറായ ആൻഡ്രൂ ബ്രാങ്ക ഇന്ത്യക്കാർക്കെതിരെ നടത്തിയ വംശീയ പരാമർശങ്ങൾ വിവാദമാകുന്നു. ഇന്ത്യക്കാർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അമേരിക്കൻ വിദ്യഭ്യാസ മേഖലയെയും തൊഴിൽ വിപണിയെയും വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ വ്യാജ ബിരുദ മാഫിയകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉദ്ധരിച്ചായിരുന്നു ബ്രാങ്കയുടെ പ്രതികരണം. ഇന്ത്യയെയും സൊമാലിയയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ബ്രാങ്കയുടെ പരാമർശങ്ങൾ.
സൊമാലിയക്കാർ ആരോഗ്യ മേഖലയിൽ തട്ടിപ്പ് നടത്തുമ്പോൾ, ഇന്ത്യക്കാർ അക്കാദമിക് മേഖലയിലാണ് തട്ടിപ്പ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളെ ‘വിശ്വാസ്യത കുറഞ്ഞതും തട്ടിപ്പ് കൂടുതലായുള്ളതുമായ’ രാജ്യങ്ങളായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ വ്യവസ്ഥിതിയിലെ പഴുതുകൾ ഉപയോഗിച്ച് ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവർ എളുപ്പത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ‘വ്യാജ ഡിഗ്രി മില്ലുകളിൽ’ നിന്ന് പതിനായിരക്കണക്കിന് സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ബ്രാങ്കയുടെ വിമർശനം. തട്ടിപ്പ് എന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ അദ്ദേഹം സംസാരിച്ചു. ഇന്ത്യക്കാർ സ്വന്തം രാജ്യത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും, അതുകൊണ്ട് തന്നെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കപ്പെടാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പൗരന്മാരുടെ വിസ, ഗ്രീൻ കാർഡ്, പൗരത്വ രേഖകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള പതിനായിരം അപേക്ഷകളിൽ ഒന്നുപോലും നിയമവിധേയമായിരിക്കില്ലെന്ന് താൻ സംശയിക്കുന്നതായും, അത്തരം എല്ലാ രേഖകളും റദ്ദാക്കണമെന്നും ബ്രാങ്ക പറഞ്ഞു. ചുരുങ്ങിയ പണത്തിന് ഇന്ത്യയിൽ മെഡിക്കൽ ബിരുദങ്ങൾ വരെ വാങ്ങാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയിലെ എച്ച്-1 ബി (H-1B) വിസ സംവിധാനത്തെയും അദ്ദേഹം വിമർശിച്ചു. ഏറ്റവും കഴിവുള്ളവരല്ല, മറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉള്ളവരാണ് ഈ വിസ വഴി അമേരിക്കയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കൽ അമേരിക്കയിലെത്തിക്കഴിഞ്ഞാൽ, അവിടെയുള്ള മറ്റ് ഇന്ത്യക്കാർ തങ്ങളുടെ വംശീയ താൽപ്പര്യങ്ങൾ മുൻനിർത്തി ഇവർക്ക് ജോലി നൽകുന്നുവെന്നും ഇത് അമേരിക്കൻ തൊഴിൽ മേഖലയെ ബാധിക്കുന്നുവെന്നും ബ്രാങ്ക ആരോപിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയെ ‘നരകം’ എന്ന് വിശേഷിപ്പിച്ച ബ്രാങ്ക, അമേരിക്കയിലെ സൗകര്യങ്ങൾ അനുഭവിക്കാൻ ഇന്ത്യക്കാർ തട്ടിപ്പിനെ ആശ്രയിക്കുകയാണെന്നും ആവർത്തിച്ചു. സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
nobody-hates-living-in-india-like-indians-us-influencer-cites-recent-fake-degree-racket-bust-in-india-says-thats-how-they-get-h-1b
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



