ഒട്ടാവ : കാനഡയിലെ പ്രശസ്തമായ ലോട്ടോ മാക്സ് ഭാഗ്യക്കുറിയുടെ 80 മില്യൺ ഡോളറിന്റെ ബമ്പർ സമ്മാനം ചൊവ്വാഴ്ച്ച നടന്ന ഡ്രോയിലും ആർക്കും ലഭിച്ചില്ല. തുടർച്ചയായ നാലാം തവണയാണ് ജാക്ക്പോട്ട് വിജയികളില്ലാതെ കടന്നുപോകുന്നത്. ഇതോടെ ക്രിസ്മസ് സമ്മാനമായി ലഭിക്കേണ്ടിയിരുന്ന ഈ വൻതുക ഡിസംബർ 26 വെള്ളിയാഴ്ച നടക്കുന്ന അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവച്ചു.
പ്രധാന സമ്മാനമായ ജാക്ക്പോട്ട് ആർക്കും ലഭിച്ചില്ലെങ്കിലും, ‘മാക്സ് മില്യൺസ്’ പദ്ധതിയിലൂടെ ഒന്റാറിയോയിലെ വിവിധ നഗരങ്ങളിലുള്ള നിരവധി പേരെ ഭാഗ്യം തുണച്ചു. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ അയാക്സ്, എറ്റോബികോക്ക്, മിസിസാഗ, മാർഖം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിജയികൾക്കും ഒരു മില്യൺ ഡോളർ വീതം സമ്മാനം ലഭിച്ചു. കൂടാതെ ടൊറന്റോ, നെപിയൻ, വുഡ്ബ്രിഡ്ജ് എന്നിവിടങ്ങളിൽ വിൽക്കപ്പെട്ട ടിക്കറ്റുകൾക്ക് അഞ്ച് ലക്ഷം ഡോളർ വീതമുള്ള സമ്മാനങ്ങക്ക് അർഹരായി.
നറുക്കെടുപ്പിലെ ‘എൻകോർ’ വിഭാഗത്തിൽ 1,00,000 ഡോളർ വീതം നാല് പേർക്ക് ലഭിച്ചിട്ടുണ്ട്. ഹാലിബർട്ടൺ/മസ്കോക്ക റീജിയൻ, കിച്ചനർ, സിംകോ കൗണ്ടി, ബ്രാംപ്ടൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ തുകയ്ക്ക് അർഹരായതെന്ന് ലോട്ടറി അധികൃതരായ ഒ.എൽ.ജി (OLG) അറിയിച്ചു. പ്രധാന സമ്മാനം ലഭിച്ചില്ലെങ്കിലും ഒട്ടേറെ പേർക്ക് മറ്റ് സമ്മാനങ്ങൾ ലഭിച്ചത് പൊതുജനങ്ങൾക്കിടയിൽ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടക്കുന്ന അടുത്ത നറുക്കെടുപ്പിൽ ജാക്ക്പോട്ട് തുകയായ 80 മില്യൺ ഡോളറിനൊപ്പം 46 മാക്സ് മില്യൺസ് സമ്മാനങ്ങളും ഉണ്ടാകും. ഇതോടെ ആകെ 126 മില്യൺ ഡോളറാണ് അടുത്ത തവണ വിതരണം ചെയ്യുക. 2021 ജൂണിൽ രേഖപ്പെടുത്തിയ 140 മില്യൺ ഡോളറാണ് ലോട്ടോ മാക്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക. അന്ന് 70 മില്യൺ ഡോളറായിരുന്നു പ്രധാന ജാക്ക്പോട്ട്.
അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ വെള്ളിയാഴ്ച രാത്രി 10:30 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അഞ്ച് ഡോളറിന്റെ ഒരു ടിക്കറ്റിലൂടെ ഏഴ് നമ്പറുകളും ഒത്തു വരികയാണെങ്കിൽ മാത്രമേ ജാക്ക്പോട്ട് തുക സ്വന്തമാക്കാൻ സാധിക്കൂ. 3.3 കോടിയിലധികം ടിക്കറ്റുകളിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തിൽ ജാക്ക്പോട്ട് ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് ലോട്ടറി അധികൃതർ കണക്കാക്കുന്നത്. എങ്കിലും ഏഴിൽ ഒന്ന് എന്ന നിലയിൽ ഏതെങ്കിലും ഒരു ചെറിയ തുകയെങ്കിലും വിജയിക്കാനുള്ള സാധ്യത നിലവിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Lotto Max jackpot: No winner for fourth consecutive time; $80 million up for grabs in next draw



