ദുബായ്: തൻ്റെ ലാളിത്യം കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയനായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നു. ഷാർജയിലെ പുതിയ ലുലു സ്റ്റോർ ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയവും കൗതുകകരവുമായ സംഭവങ്ങൾ അരങ്ങേറിയത്. തന്നോട് നിഷ്കളങ്കമായി ഐഫോൺ ആവശ്യപ്പെട്ട കൊച്ചു പെൺകുട്ടിക്ക് ഏറ്റവും പുതിയ ഐഫോൺ 17 പ്രൊ സമ്മാനമായി നൽകിയാണ് അദ്ദേഹം ഏവരെയും വിസ്മയിപ്പിച്ചത്.
സ്റ്റോർ ഉദ്ഘാടനത്തിന് ശേഷം ജനക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് യൂസഫലി ഒരു കൊച്ചു പെൺകുട്ടിയെ ശ്രദ്ധിച്ചത്. സ്നേഹത്തോടെ കുട്ടിയുടെ അടുത്തെത്തിയ അദ്ദേഹം വിശേഷങ്ങൾ തിരക്കി. “മോളെ, നിനക്ക് ഏത് ടോയ് ) ആണ് വേണ്ടത്?” എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. എന്നാൽ, പൊതുവേ കുട്ടികൾ ആവശ്യപ്പെടാറുള്ള കളിപ്പാട്ടങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും പകരം ഐഫോൺ വേണമെന്നും കുട്ടി മറുപടി നൽകുകയായിരുന്നു.
കുട്ടിയുടെ അപ്രതീക്ഷിതവും നിഷ്കളങ്കവുമായ മറുപടി കേട്ട് ചുറ്റുമുള്ളവർ അമ്പരന്നെങ്കിലും യൂസഫലി പുഞ്ചിരിയോടെ അത് സ്വീകരിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന ഫോൺ വേണമെന്ന കുട്ടിയുടെ ആഗ്രഹം കേട്ടയുടൻ അദ്ദേഹം ഒട്ടും മടിച്ചില്ല. ഉടൻ തന്നെ സ്റ്റോറിലെ ഫോൺ സെക്ഷനിലേക്ക് പോകുകയും ഏറ്റവും പുതിയ ഐഫോൺ 17 പ്രൊ തന്നെ പാക്ക് ചെയ്ത് നൽകാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ പെൺകുട്ടിയുടെ കൈകളിൽ വിലപിടിപ്പുള്ള സമ്മാനമെത്തി.
ലോകം ആദരിക്കുന്ന ഒരു വലിയ വ്യവസായ പ്രമുഖനാണെന്ന ഭയമേതുമില്ലാതെ ഒരു കുടുംബാംഗത്തോടന്നപോലെ കുട്ടി സംസാരിച്ചതാണ് ചടങ്ങിലെ ഹൈലൈറ്റ്. കുട്ടിയുടെ ആഗ്രഹം അറിഞ്ഞയുടൻ തന്നെ അത് നിറവേറ്റിക്കൊടുക്കാൻ യൂസഫലി കാട്ടിയ വലിയ മനസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഐഫോൺ കൈമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി മാറി.
“പിള്ളേർ ഒരു ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുക്കും, അതാണ് യൂസഫലി” തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണക്കാരുമായി അദ്ദേഹം പുലർത്തുന്ന ആത്മബന്ധത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ നിരവധി പേർക്ക് അദ്ദേഹം സഹായങ്ങളും സമ്മാനങ്ങളും നൽകിയിട്ടുള്ളത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
‘No toys, just an iPhone’ to the child; Yusuf Ali gifts iPhone 17 Pro; Video goes viral



