വാൻകൂവർ: കടയിൽ അതിക്രമം തടഞ്ഞതിന് ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ടതായി പരാതി. വാൻകൂവറിലെ ഒരു സ്പോർട് ചെക്ക് സ്റ്റോറിലെ മുൻ ജീവനക്കാരിയായ ഏരിയ കാർട്ടറാണ് തൻ്റെ അനുഭവം പങ്കുവെച്ചത്. കടയിൽ മോഷണശ്രമം തടയാൻ ശ്രമിച്ചതിനാണ് തൻ്റെ ജോലി നഷ്ടപ്പെട്ടതെന്ന് ഏരിയ പറയുന്നു. സ്ഥാപനത്തിൻ്റെ ‘നോ ടച്ച്/നോ ചേസ്’ എന്ന നയം ലംഘിച്ചതാണ് ഏരിയയെ പുറത്താക്കാൻ കാരണമെന്നാണ് സ്ഥാപനത്തിൻ്റെ നിലപാട്. മോഷ്ടാക്കളെ പിൻതുടരുകയോ, ശാരീരികമായി നേരിടുകയോ ചെയ്യരുതെന്നതാണ് ഈ നയം. എന്നാൽ കടയിലെ മറ്റ് ജീവനക്കാരും തൻ്റെ മേലുദ്യോഗസ്ഥരും ഇതേ നയം ലംഘിച്ചിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയെടുത്തില്ലെന്നും ഏരിയ ആരോപിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നും ഏരിയ കൂട്ടിച്ചേർത്തു.
ഏരിയ കാർട്ടറുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, ‘നോ ടച്ച്/നോ ചേസ്’ നയം എല്ലാ ജീവനക്കാരും പാലിക്കേണ്ടതുണ്ടെന്നും സ്പോർട് ചെക്ക് സ്ഥാപനത്തിൻ്റെ ഉടമസ്ഥരായ കനേഡിയൻ ടയർ കോർപറേഷൻ അറിയിച്ചു. ചില കടകളിൽ സുരക്ഷക്കായി പുറത്തുനിന്നുള്ള സെക്യൂരിറ്റി ഗാർഡുമാരെ നിയമിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, കടയിലെ മോഷണശ്രമങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് ഏരിയ പറയുന്നു. കടയിൽ അതിക്രമം കാണിക്കുന്ന മോഷ്ടാക്കൾ പലപ്പോഴും ആയുധങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് വാൻകൂവർ പോലീസ് പറയുന്നു. ഇത്തരം അക്രമങ്ങൾ വർധിച്ചു വരുന്നതായും പോലീസ് അറിയിച്ചു.
അക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, മോഷണ ശ്രമങ്ങൾ തടയുന്നതിനുള്ള പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാൻകൂവർ നഗരസഭ. ഇതിനായി ഒരു പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചിട്ടുണ്ടെന്നും ഈ വർഷം അവസാനത്തോടെ ഇത് സംബന്ധിച്ച പുതിയ നിർദേശങ്ങൾ പുറത്തിറങ്ങുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ വർദ്ധിപ്പിക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും വേണ്ടിയുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'No touch/no chase'; Vancouver Sportchek employee loses job after being punished for stopping a theft



