ഹാലിഫാക്സ്: പ്രതിരോധ രംഗത്ത് അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും തദ്ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്താനുമായി 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം 55,000 കോടി രൂപ) ബൃഹത്തായ ദേശീയ പ്രതിരോധ നയം പ്രഖ്യാപിക്കാനൊരുങ്ങി കാനഡ. നാറ്റോ (NATO) സഖ്യത്തോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ, പ്രതിരോധ കയറ്റുമതിയിൽ 50 ശതമാനവും അനുബന്ധ വ്യവസായ വരുമാനത്തിൽ 240 ശതമാനവും വർദ്ധനവാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന പദ്ധതി, ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് ഈ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ മേഖലയിൽ 1.25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഹാലിഫാക്സ് പോലുള്ള സൈനിക പ്രാധാന്യമുള്ള നഗരങ്ങൾക്ക് ഇത് വലിയ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളം, അഞ്ചാം ഡിവിഷൻ ആർമി, ഷിയർവാട്ടർ എയർഫോഴ്സ് ബേസ്, ഈസ്റ്റ് കോസ്റ്റ് നേവി എന്നിവയുടെ ആസ്ഥാനമായ ഹാലിഫാക്സിന് പുറമെ, ക്യുബെക്കിലെ ബൊംബാർഡിയർ, ഒന്റാറിയോയിലെ ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾക്കും ഈ നിക്ഷേപം കരുത്താകും.
അതേസമയം, പദ്ധതിക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ മുൻ പ്രതിരോധ മന്ത്രി പീറ്റർ മക്കേ ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചു.
മറ്റ് വകുപ്പുകളിലെ വിഹിതം വെട്ടിക്കുറച്ചാണോ അതോ ഊർജ്ജ മേഖലയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണോ തുക കണ്ടെത്തുക എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. കൂടാതെ, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ നഗരങ്ങളിലേക്കുണ്ടാകുന്ന ജനപ്രവാഹം നിലവിലെ ഭവനക്ഷാമം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പും ഹാലിഫാക്സ് മേയർ ആൻഡി ഫിൽമോർ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ പുറത്തുവിടുന്ന നയരേഖയിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകും.
no-shortage-of-reaction-on-eve-of-carneys-new-defence-strategy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



