മിസ്സിസ്സാഗ: മിസ്സിസ്സാഗയിലെ 311 നഗരസഭാ ഹെൽപ്പ് ലൈൻ സേവനത്തിൽ വിളിക്കുമ്പോൾ കാത്തിരിപ്പ് സമയം ഇനി വിരസമാകില്ല. പ്രാദേശിക സംഗീത കലാകാരന്മാരുടെ പാട്ടുകൾ ഉൾപ്പെടുത്തി മിസ്സിസ്സാഗ നഗരസഭ ആരംഭിച്ച ‘മ്യൂസിക് 311’ പദ്ധതി വലിയ വിജയത്തിലേക്ക്. കഴിഞ്ഞ വർഷം ഈ പദ്ധതിയിൽ പങ്കെടുത്ത സംഗീതജ്ഞനും ഗിറ്റാറിസ്റ്റുമായ ഗാബി അൽ ബൊട്രോസിൻ്റെ വാക്കുകളാണ് ശ്രദ്ധേയം. ‘എന്നെപ്പോലുള്ള സംഗീതജ്ഞർക്ക് അവരുടെ കഴിവ് തെളിയിക്കാൻ ലഭിച്ച നല്ലൊരു അവസരമാണ് ഇത്. കാത്തിരിപ്പ് മടുപ്പിക്കുന്നതാകാതിരിക്കാൻ ശാന്തമായ സംഗീതമാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 2,25,365 കോളുകളാണ് 311 ഹെൽപ് ലൈൻ സെൻ്ററിൽ ലഭിച്ചത്. ഇതുവഴി നൂറുകണക്കിന് ആളുകളിലേക്ക് സ്വന്തം സംഗീതം എത്തിക്കാൻ ഈ കലാകാരന്മാർക്ക് അവസരം ലഭിച്ചു.
മിസ്സിസ്സാഗ നഗരസഭയുടെ ഈ ഉദ്യമം കാനഡയിലെ മറ്റ് നഗരങ്ങളായ ടൊറന്റോ , തുടങ്ങിയ നഗരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്. പദ്ധതിയുടെ ചുമതലയുള്ള കോറി പൂളിൻ്റെ അഭിപ്രായത്തിൽ ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിളിക്കുന്ന പലരും തങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ഏതൊക്കെയാണെന്ന് ചോദിച്ച് തിരികെ വിളിക്കാറുണ്ട്. കൂടാതെ, നഗരസഭാ കൗൺസിലിന്റെ യോഗങ്ങൾ കാത്തിരിക്കുമ്പോഴും ഈ സംഗീതം പ്രക്ഷേപണം ചെയ്യാൻ തുടങ്ങി. ഓരോ കലാകാരനും $300 പ്രതിഫലമായി ലഭിക്കും. ‘പ്രാദേശിക കലാകാരന്മാരെ സഹായിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഇത് ഒരു മാർഗ്ഗമാണ്,’എന്ന് അദ്ദേഹം വ്യക്തമാക്കി.
അപേക്ഷിക്കുന്ന കലാകാരന്മാരിൽ നിന്ന് 12 പേരെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പാട്ടുകൾ ഒരു വർഷത്തേക്ക് 311-ൽ കേൾക്കാൻ സാധിക്കും. പ്രാദേശിക സംഗീത മേഖലയിൽ നിന്നുള്ള വിദഗ്ദ്ധ സമിതിയാണ് പാട്ടുകൾ തിരഞ്ഞെടുക്കുന്നത്. മിസ്സിസ്സാഗ നഗരത്തിലെ സംഗീത വൈവിധ്യം പ്രതിഫലിക്കുന്ന തരത്തിലുള്ള പാട്ടുകളാണ് സമിതി തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും ഒരു ഭാഷയിലോ പ്രത്യേക സംഗീത ശൈലിയിലോ പാട്ടുകൾ വേണമെന്ന് നിർബന്ധമില്ല. എല്ലാത്തരം സംഗീതവും സ്വീകരിക്കും. അപേക്ഷകരിൽ 50 ശതമാനം പേരെങ്കിലും മിസ്സിസ്സാഗയിൽ നിന്നുള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 28 ആണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ജനുവരിയിൽ പ്രഖ്യാപിക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
No more waiting, no more hanging up; '311' helpline hold music is now enjoyable



