വാഷിങ്ടൺ: ഇറാനെതിരെയും ഭരണകൂടത്തിനെതിരെയും കടുത്ത അധിക്ഷേപ പരാമർശങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കനത്ത സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അറബ് രാജ്യങ്ങളിലെ സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന. ഹോർമുസ് കടലിടുക്ക് തിങ്കളാഴ്ചയ്ക്കുള്ളിൽ തുറന്നുകൊടുത്തില്ലെങ്കിൽ ആക്രമണം അഴിച്ചുവിടുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുള്ള ട്രംപിന്റെ പുതിയ കുറിപ്പ് പുറത്തുവന്നത്. മേഖലയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിലാണ് നിലവിലെ വാക്പോരുകൾ.
ഇറാൻ വെടിവച്ചിട്ട യുഎസ് വിമാനത്തിലെ സൈനികനെ പ്രത്യേക സേന രക്ഷപ്പെടുത്തിയ വിവരവും ട്രംപ് പങ്കുവെച്ചു. വെള്ളിയാഴ്ച തകർന്നുവീണ എഫ്-15ഇ സ്ട്രൈക്ക് ഈഗിളിലെ പരിക്കേറ്റ ഉദ്യോഗസ്ഥനെ ഇറാന്റെ മലനിരകൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്. സൈനികനെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന് നേരെയുള്ള ഭീഷണി ട്രംപ് ശക്തമാക്കിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No more sleepless nights for Iran? Trump's 'Truth Social' post with warning




