ന്യൂഡൽഹി: ഇന്ത്യയിലെ പരമ്പരാഗതമായ ഒൻപത് മണി മുതൽ അഞ്ച് മണി വരെയുള്ള ജോലിരീതികളോട് യുവതലമുറയ്ക്കിടയിൽ താല്പര്യം കുറയുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ. നിശ്ചിത സമയക്രമമോ ദീർഘകാല കരാറുകളോ ഇല്ലാത്ത, കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ‘നോ-കോളർ’ ലൈഫ് സ്റ്റൈലിലേക്കും ഫ്രീലാൻസ് പ്രോജക്റ്റുകളിലേക്കുമാണ് ജെൻ സി (Gen Z) പ്രൊഫഷണലുകൾ ഇപ്പോൾ ചുവടുമാറ്റുന്നത്.
മുൻപ് വരുമാനത്തിനുള്ള അധിക മാർഗമായി കണ്ടിരുന്ന ഗിഗ് വർക്കുകൾ (Gig works) ഇന്ന് യുവാക്കൾ പ്രധാന കരിയറായി തിരഞ്ഞെടുക്കുന്നു എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന സവിശേഷത. കണക്കുകള നുസരിച്ച് 2020-21 കാലയളവിൽ 7.7 മില്യൺ ആയിരുന്ന ഗിഗ് തൊഴിലാളികളുടെ എണ്ണം 2029-30 ഓടെ 23.5 മില്യണായി ഉയരുമെന്നാണ് പ്രവചനം. ഐടി മേഖല മുതൽ മറ്റ് തൊഴിൽ മേഖലകളിൽ വരെയുള്ള പ്രോജക്റ്റ് അടിസ്ഥാനത്തിലുള്ള ജോലികൾക്ക് ഡിമാൻഡ് വർധിച്ചു വരികയാണ്. ഡിജിറ്റൽ യുഗത്തിലെ അറിവും എവിടെയിരുന്നും ജോലി ചെയ്യാനുള്ള സൗകര്യവുമാണ് ഈ പ്രവണതയ്ക്ക് കരുത്തുപകരുന്നത്.
ഉയർന്ന ശമ്പളത്തേക്കാൾ മാനസികാരോഗ്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ് പുതിയ തലമുറ മുൻഗണന നൽകുന്നതെന്ന് ഡെലോയിറ്റ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു സ്ഥാപനത്തിൽ പതിറ്റാണ്ടുകളോളം തുടരുന്ന പഴയ രീതിക്ക് പകരം, സ്വന്തം മൂല്യങ്ങളുമായി യോജിക്കുന്ന ഇടങ്ങളിലേക്ക് മാറാനാണ് ഇവർ താല്പര്യപ്പെടുന്നത്. ബിരുദത്തേക്കാൾ പ്രായോഗികമായ കഴിവുകൾക്ക് (Skills) പ്രാധാന്യം നൽകുന്ന ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026-ഉം ഈ മാറ്റത്തെ ശരിവെക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ പുതിയ മേഖലകളിൽ അറിവ് നേടി സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ഇക്കാലത്ത് യുവാക്കൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No more punching, no more bossing! What is this 'no-collar' trend among the youth?



