പ്രിൻസ് എഡ്വേർഡ് ദ്വീപിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ പ്രിൻസ് കൗണ്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം (ഐ.സി.യു.) രണ്ട് വർഷത്തിലേറെ നീണ്ട അടച്ചിടലിന് ശേഷം വീണ്ടും തുറന്നു. 2023 മേയിൽ ജീവനക്കാരുടെ കുറവ് കാരണം അടച്ചിട്ട ഈ യൂണിറ്റ്, കഴിഞ്ഞ ഓഗസ്റ്റ് 12നാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. ഐ.സി.യു. അടച്ചിട്ടതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ 60 കിലോമീറ്ററിലധികം അകലെയുള്ള ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. പുതിയ ഐ.സി.യു.വിൻ്റെ പ്രവർത്തനം പ്രദേശവാസികൾക്കും ആശുപത്രി ജീവനക്കാർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
രണ്ട് വർഷം മുൻപ് ഐ.സി.യു. അടച്ചിട്ടപ്പോൾ, ജീവനക്കാർക്കും രോഗികൾക്കും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. അടിയന്തര പരിചരണം ആവശ്യമുള്ള പല രോഗികളെയും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വന്നത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ പ്രയാസമുണ്ടാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഐ.സി.യു.വിൽ പ്രവർത്തിച്ചിരുന്ന പല ജീവനക്കാർക്കും തങ്ങളുടെ തൊഴിൽ നൈപുണ്യം ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വന്നതിനാൽ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നതായി ഐ.സി.യു ക്ലിനിക്കൽ ലീഡ് ലിൻഡ്സേ കുസേര പറഞ്ഞു. സ്ഥിരമായ ഐ.സി.യു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ഇപ്പോൾ മതിയായ ഡോക്ടർമാരും നേഴ്സുമാരും റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. പുതിയ താൽക്കാലിക ജീവനക്കാരെയും സ്ഥിരം ജീവനക്കാരെയും നിയമിച്ചാണ് ഈ പ്രതിസന്ധി മറികടന്നത്. ഈ വിജയം കഴിഞ്ഞ രണ്ട് വർഷം ആശുപത്രിയിൽ ഉറച്ചുനിന്ന ജീവനക്കാരുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ടൈലർ മക്ഡൊനെൽ പറഞ്ഞു. ഈ നേട്ടം ഒരു തുടക്കം മാത്രമാണെന്നും, കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഹെൽത്ത് പി.ഇ.ഐ.യുടെ ചീഫ് മെഡിക്കൽ ഓഫീസർ ജോഹാൻ വിൽജോൻ വ്യക്തമാക്കി. ഈ പുതിയ ഐ.സി.യു.വിൻ്റെ പ്രവർത്തനം ഈ പ്രദേശത്തിന് വലിയൊരു മുന്നേറ്റമാണെന്ന് സാംമർസൈഡ് മേയർ ഡാൻ കുട്ടർ അറിയിച്ചു.
No more long distances; ICU service resumes at Prince Office, bringing relief to local residents



