ടോക്കിയോ: ഫാഷൻ പ്രേമികളുടെ ഹാൻഡ്ബാഗുകളിൽ തരംഗമായിരുന്ന ‘ലാബുബു’ ചാമുകളുടെ കാലം കഴിയുന്നു. പകരം, നമ്മളോട് പ്രതികരിക്കുന്ന കുഞ്ഞൻ റോബോട്ടുമായി ജപ്പാൻ ഫാഷൻ ലോകത്തെ ഞെട്ടിക്കുന്നു. ‘യൂ കയ് എഞ്ചിനീയറിംഗ്’ (Yukai Engineering) വികസിപ്പിച്ചെടുത്ത ‘മിറുമി’ എന്ന കുട്ടി റോബോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ താരം. പഞ്ഞിക്കെട്ടുപോലെ ഇരിക്കുന്ന ഈ കുഞ്ഞൻ റോബോട്ടിനെ ഹാൻഡ്ബാഗിലോ ബെൽറ്റിലോ സ്റ്റൈലായി തൂക്കിയിടാം.
വെറുമൊരു പാവയല്ല മിറുമി എന്ന സ്മാർട്ട് റോബോട്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കാനും പ്രതികരിക്കാനും മിറുമിക്ക് സാധിക്കും. ആരെങ്കിലും അടുത്തേക്ക് വരുമ്പോൾ തല തിരിച്ചു നോക്കാനും, നമ്മൾ സംസാരിക്കുമ്പോൾ കൗതുകത്തോടെ ശ്രദ്ധിക്കാനും ഇതിന് കഴിയും. സ്നേഹത്തോടെ തലയിൽ തട്ടിയാൽ നാണത്തോടെ തല താഴ്ത്തി കൈകൾ വീശുന്ന മിറുമി ആരുടെയും ഹൃദയം കവരും. പാവയുടെ ബാറ്ററി തീരുമ്പോൾ തളർന്നതുപോലെ തലതാഴ്ത്തി ഇരിക്കുന്നത് ഉടമയ്ക്ക് മനസ്സിലാക്കാം. യുഎസ്ബി ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് ഇതിനെ എളുപ്പത്തിൽ ചാർജ് ചെയ്യാം.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു കൊച്ചു കൂട്ടാളിയായും മിറുമി മാറും. ആധുനിക സാങ്കേതിക വിദ്യയും ക്യൂട്ട് ലുക്കും സമ്മേളിക്കുന്ന ഈ ഫാഷൻ ആക്സസറിക്ക് ഏകദേശം 150 ഡോളറാണ് (ഏകദേശം 13,000 രൂപ) വില പ്രതീക്ഷിക്കുന്നത്. ലാബുബു ചാമുകളെക്കാൾ ഫീച്ചറുകളുള്ള മിറുമി വരും ദിവസങ്ങളിൽ വിപണി കീഴടക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A child robot to hang in a bag; It’s no longer Labubu, but ‘Mirumi’ from Japan!



