കുട്ടികളുടെ ലൈംഗികചിത്രങ്ങൾ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും കെലോന പ്രവിശ്യാ കോടതിയിൽ കുറ്റസമ്മതം നടത്തിയ ബ്രിട്ടീഷ് പൗരൻ മാർക്ക് കീനന് സോപാധിക തടവ് ശിക്ഷ (കുറ്റവാളിക്ക് ജയിൽ ശിക്ഷ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട്, ചില വ്യവസ്ഥകളോടെ സമൂഹത്തിൽ ജീവിക്കാൻ അനുവാദം നൽകുന്ന ഒരു ശിക്ഷാ രീതി) വിധിച്ച് കോടതി.
നിരവധി കുട്ടികളുടെ ലൈംഗികചിത്രങ്ങളുടെ ശേഖരം ഇയാളുടെ കൈവശമുള്ളതായി കോടതി കണ്ടെത്തി. കോടതി വിധിച്ച ശിക്ഷാവിധിയിൽ രണ്ട് വർഷത്തെ തടവ് പറയുന്നുണ്ടെങ്കിലും, കുറ്റവാളിക്ക് ഒരു ദിവസം മാത്രം തടവിൽ കിടന്നാൽ മതിയാകും. ബാക്കിയുള്ള കാലയളവ് ഉപാധികളോടെ സമൂഹത്തിൽ ജീവിക്കാനുള്ള അനുമതി എന്ന സോപാധിക തടവ് ശിക്ഷയാണ് 54-കാരനായ കീനന് കോടതി വിധിച്ചത്.
ആദ്യത്തെ 18 മാസം വീട്ടുതടങ്കലിൽ കഴിയേണ്ടിവരും. തുടർന്ന് ശിക്ഷാ കാലാവധി പൂർത്തിയാകുന്നതുവരെ വൈകുന്നേരം 6 മണിക്ക് ശേഷമുള്ള കർഫ്യൂവിന് ഇയാൾ വിധേയനാകും. 2018-ൽ കീനന്റെ സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റിൽ അയാൾ ഇടുന്ന പോസ്റ്റുകൾ കണ്ടിട്ട് സംശയം തോന്നിയതിനെത്തുടർന്ന് ആർസിഎംപി നടത്തിയ പരിശോധനയിൽ, ഒമ്പത് മുതൽ 16 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളെ വെച്ച് ചിത്രീകരിച്ച ആറ് ലൈംഗികചിത്രങ്ങൾ ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് കണ്ടെത്തി.
മെയ് 2-ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ശിക്ഷാവിധിയിൽ, ജഡ്ജി ആൻഡ്രൂ ടാം കീനന്റെ ശേഖരത്തിന്റെ വലിപ്പം മറ്റ് കേസുകളിൽ നിന്ന് “ഈ കേസിനെ വേറിട്ടു നിർത്തുന്നു” എന്ന് ചൂണ്ടിക്കാട്ടി. മറ്റ് ലൈംഗിക കുറ്റവാളികളിൽ നിന്ന് നൂറുകണക്കിനും ആയിരക്കണക്കിനും ചിത്രങ്ങളും വീഡിയോകളും പിടിച്ചെടുത്ത കേസുകളുണ്ടായിട്ടുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു. ചിത്രങ്ങളിൽ ലൈംഗികബന്ധം ചിത്രീകരിച്ചിട്ടില്ലെങ്കിലും, ഒരു ചിത്രത്തിൽ മുതിർന്ന പുരുഷനും കുട്ടിയും പരസ്പരം ജനനേന്ദ്രിയങ്ങളിൽ സ്പർശിക്കുന്നതായി കാണിച്ചിരുന്നു.
കുറ്റം സമ്മതിച്ചെങ്കിലും കുട്ടികളോട് ലൈംഗിക ആകർഷണമില്ലെന്ന് കീനൻ വാദിച്ചു. സൂര്യാസ്തമയം, ബീച്ചുകൾ തുടങ്ങിയ മറ്റ് ചിത്രങ്ങൾക്കായി തിരയുന്നതിനിടയിലാണ്” കുട്ടികളുടെ ചിത്രങ്ങൾ കണ്ടതെന്നും, പിന്നീട് പീഡോഫൈലുകളെ കണ്ടെത്താനായി ഒരു ടംബ്ലർ ബ്ലോഗ് ആരംഭിച്ചുവെന്നും അയാൾ പറഞ്ഞു. എന്നാൽ, ഒരു വർഷത്തിനുശേഷവും ചിത്രങ്ങൾ കൈവശം വെക്കുകയും കുട്ടികളുമായുള്ള ലൈംഗിക പ്രവർത്തനങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്ത കീനന്റെ വാദം ജഡ്ജി തള്ളി.
അറസ്റ്റിന് ശേഷം പോലീസിന് നൽകിയ മൊഴിയിൽ ചിത്രങ്ങൾ തന്നെ ഉത്തേജിപ്പിച്ചുവെന്ന് കീനൻ സമ്മതിച്ചതും ശിക്ഷാവിധിയിൽ നിർണായകമായി. കീനന്റെ കുറ്റസമ്മതം, മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരിക്കൽ എന്നിവ പരിഗണിച്ച്, സോപാധികമായ ശിക്ഷയാണ് ഉചിതമെന്ന് ജഡ്ജി വിധിക്കുകയായിരുന്നു.






